തിരുവനന്തപുരം:കഴക്കൂട്ടത്ത് നിന്ന് ഇന്നലെ രാവിലെ ഒമ്പത് മണി മുതല്‍ കാണാതായ അസം സ്വദേശിനിയായ 13കാരിയെ കണ്ടെത്താന്‍ കന്യാകുമാരിയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്.കുട്ടി കന്യാകുമാരിയിലെത്തിയെന്ന ഓട്ടോ ഡ്രൈവര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.തമിഴ്നാട് പൊലീസും ആര്‍പിഎഫും കേരള പൊലീസിനൊപ്പം തെരച്ചില്‍ നടത്തുന്നുണ്ട്. ഇന്നലെ വീട്ടുകാരോട് പിണങ്ങിയാണ് കുട്ടി വീട്ടില്‍ നിന്ന് ആരുമറിയാതെ പോയത്. സഹോദരങ്ങളുമായി വഴക്കിട്ട കുട്ടിയെ അമ്മ ശാസിച്ചിരുന്നു. അമ്മയും അച്ഛനും ജോലിക്ക് പോയ സമയത്താണ് കുട്ടി വീട്ടില്‍ നിന്നും പോയത്.കുട്ടിയെ കാണാതായി 23 മണിക്കൂര്‍ പിന്നിടുമ്പോഴും കുട്ടിയെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കുട്ടിയുടെ പിതാവും മാതാവും അടങ്ങുന്ന അസം സ്വദേശികളായ കുടുംബം.
ബാംഗ്ലൂര്‍-കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്യുന്ന കുട്ടിയുടെ ഫോട്ടോ കന്യാകുമാരി റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഓട്ടോ ഡ്രൈവര്‍മാരാണ് തിരിച്ചറിഞ്ഞു. കുട്ടിയെ കണ്ടിരുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കന്യാകുമാരിയില്‍ തെരച്ചില്‍ നടത്തുന്നതെന്നും സ്ഥലത്തെത്തിയ കഴക്കൂട്ടം എസ്ഐ ശരത്ത് പറഞ്ഞു. കന്യാകുമാരിയില്‍ വ്യാപകമായ തെരച്ചില്‍ ആരംഭിച്ചിരിക്കുകയാണ് കേരള പൊലീസ്. കുട്ടിയെ കണ്ടെന്ന് പറഞ്ഞ ഓട്ടോ ഡ്രൈവര്‍മാരും മറ്റു ഓട്ടോ ഡ്രൈവമാരും തെരച്ചിലിന് സഹായിക്കുന്നുണ്ട്.