ചെന്നൈ: ഷവർമ്മ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് 22കാരിയായ സ്കൂൾ ടീച്ചർ മരിച്ചു. ചെന്നൈയിലെ നുംബാലിൽ റസ്റ്ററന്റിൽ നിന്നാണ് സ്കൂൾ ടീച്ചറായ ശ്വേത ഷവർമ്മ കഴിച്ചത്. മരണത്തിന് ഒരാഴ്ച മുന്പാണ് ഷവർമ്മ കഴിച്ചത്.
തുടർന്ന് വീട്ടിലെത്തി മീൻകറിയും കഴിച്ചിരുന്നു. രാത്രിയോടെ ഇവർക്ക് ഛർദ്ദി അനുഭവപ്പെടുകയായിരുന്നു. പിന്നീട് ബോധരഹിതയാവുകയും ചെയ്തു. ഉടൻ തന്നെ പോരൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ആരോഗ്യനില മെച്ചപ്പെടാത്തതിനെ തുടർന്ന് ചൊവ്വാഴ്ച സ്റ്റാൻലി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സ്റ്റാൻലി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്മാർട്ടം നടത്തുമെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ മരണത്തിൽ പൊലീസ് കേസെടുത്തു.