നയ്പിഡോ: മ്യാൻമറിലെ തീവ്ര ഭൂകമ്പത്തിൽ മരണസംഖ്യ 2056 ആയി ഉയർന്നു. 3900 പേർ പരിക്കേറ്റ് ചികിത്സയിലാണ്, ഇതുവരെ 270 പേരെ കണ്ടെത്താനുണ്ട്. റെയിൽവേയും വിമാന സർവീസുകളും പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു.
ഇന്ത്യ, ചൈന, സിംഗപ്പൂർ, തായ്ലൻഡ് എന്നിവിടങ്ങളിൽ നിന്ന് സഹായം ലഭിച്ചിരുന്നുവെങ്കിലും, ഇത് എല്ലാ ബാധിത മേഖലകളിലേക്കും എത്തിച്ചേരാനായിട്ടില്ല. “ഓപ്പറേഷൻ ബ്രഹ്മ”യുടെ ഭാഗമായി ഇന്ത്യൻ സംഘം രക്ഷാപ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നു. ഇന്ത്യയുടെ നാലു കപ്പലുകൾ അവശ്യ സാധനങ്ങളുമായി മ്യാൻമറിലേക്ക് എത്തിച്ചിരിക്കുകയാണ്.
ദുരന്തബാധിത പ്രദേശങ്ങളിൽ താത്കാലിക ആശുപത്രികൾ ഒരുക്കാനുള്ള നടപടികൾ കരസേന ആരംഭിച്ചിരിക്കുകയാണ്. നാളേക്കുള്ളിൽ ഇവ പ്രവർത്തനസജ്ജമാകുമെന്നാണു പ്രതീക്ഷ. കൂടുതൽ അവശ്യ സാധനങ്ങളുമായി കപ്പലുകളും വിമാനങ്ങളും മ്യാൻമറിലേക്ക് അയയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.