സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി ട്വന്റി ഇന്ന് നടക്കും. സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട്ട് പാര്‍ക്ക് സ്റ്റേഡിയത്തില്‍ രാത്രി 8.30 മുതലാണ് മത്സരം. നാല് കളികളുടെ പരമ്പര സ്വന്തമാക്കണമെങ്കില്‍ ഇന്ത്യയ്ക്ക് ഈ മത്സരത്തില്‍ ജയം അനിവാര്യമാണ്. ഇന്നുകൂടി തോറ്റാല്‍ അവസാന മത്സരം ജയിച്ച് പരമ്പര സമനിലയിലാക്കുക എന്ന സാധ്യത മാത്രമേ ഇന്ത്യയ്ക്കുള്ളു.
ആദ്യ മത്സരത്തില്‍ മികച്ച വിജയം നേടിയ ഇന്ത്യയ്ക്ക് പക്ഷേ രണ്ടാം മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിടുന്നതാണ് കണ്ടത്. സെഞ്ച്വറിത്തിളക്കത്തില്‍ നിന്നിരുന്ന സഞ്ജു റണ്ണെടുക്കാതെ പുറത്തായി. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഓപ്പണര്‍ അഭിഷേക് ശര്‍മ നിരാശപ്പെടുത്തി.
ടി20 ഹീറോ, നായകന് സൂര്യകുമാറും പരാജയപ്പെട്ടു. മധ്യനിരയിലും ആര്‍ക്കും പിടിച്ച് നില്ക്കാന് കഴിയാതെ വന്നതോടെ വെറും 124 റണ്‍സില്‍ ടീം ഇന്ത്യ ഒതുങ്ങി.
ഒരുഘട്ടത്തില്‍ ബൗളര്മാരിലുടെ അട്ടിമറി നേടുമെന്ന് തോന്നിച്ചെങ്കിലും ഒരോവര്‍ ബാക്കി നില്‍ക്കെ ആതിഥേയര്‍ മൂന്ന് വിക്കറ്റിന്റെ ജയം പിടിച്ചെടുക്കുകയായിരുന്നു. വെറും 17 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ പ്രകടനം നിഷ്ഫലമായി പോയി.
കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളത്തിലിറങ്ങിയ ടീമിനെ തന്നെ ഇന്ത്യ നിലനിര്‍ത്താനാണ് സാധ്യത. മറുവശത്ത് വിജയ കോമ്പിനേഷനില്‍ മാറ്റം വരുത്താന്‍ ദക്ഷിണാഫ്രിക്കയും മുതിര്‍ന്നേക്കില്ല.