മലയാളികൾക്ക് യേശുദാസ് എന്നാൽ സംഗീതത്തിന്റെ മറ്റൊരു പര്യായം ആണ് . ഇന്ന് മലയാളത്തിന്റെ സ്വന്തം ഗാനഗന്ധർവന്റെ 85-ാം പിറന്നാള്‍ കൂടിയാണ്. എന്നാൽ ഈ തവണത്തെ അദ്ദേഹത്തിന്റെ പിറന്നാൾ ഏറെ ദുഃഖപൂർണമാണ് . തന്റെ സഹോദരതുല്യനായ ഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിന്റെ ദുഃഖത്തിലാണ് അദ്ദേഹം. സ്കൂൾ കാലം മുതലുള്ള സൗഹൃദമായിരുന്നു ഇവരുടേത് . 1958ൽ തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ യുവജനോത്സവത്തിനിടെയാണ് ജയചന്ദ്രൻ യേശുദാസിനെ ആദ്യമായി കാണുന്നത്. മേളയുടെ സമാപന ദിവസം ആദരം ഏറ്റുവാങ്ങാൻ അവർ ആദ്യം വേദി പങ്കിട്ടു.
യേശുദാസിനെ സംഗീതത്തിന്റെ വഴിയേ നടത്തിച്ചത് അദ്ദേഹത്തിന്റെ അച്ഛനായിരുന്നു. അച്ഛൻ പാടിക്കൊടുത്ത പാഠങ്ങള്‍ മനസില്‍ ധ്യാനിച്ച യേശുദാസ് തന്റെ ഒമ്പതാം വയസില്‍ ആദ്യത്തെ കച്ചേരി അവതരിപ്പിച്ചു. പിന്നീട് തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ കോളജ് ഓഫ് മ്യൂസിക്, തൃപ്പൂണിത്തുറ ആർഎല്‍വി സംഗീത കോളജ് എന്നിവിടങ്ങളില്‍ നിന്നായി സംഗീത പഠനം. സംഗീത പഠനം കഴിഞ്ഞയുടൻ ‘നല്ല തങ്ക’ എന്ന ചിത്രത്തിൽ പാടാൻ യേശുദാസിനെ പരിഗണിച്ചിരുന്നെങ്കിലും നിലവാരമില്ലെന്ന കാരണം പറഞ്ഞ് തഴഞ്ഞു.
നിരാശനാകാതെ ദാസ് പരിശ്രമിച്ചു കൊണ്ടേയിരുന്നു അങ്ങനെ സിനിമയില്‍ പിന്നണി ഗായകനായി യേശുദാസ് തുടക്കമിടുന്നത് കെ എസ് ആന്റണി സംവിധാനം ചെയ്ത്’കാല്‍പ്പാടുകള്‍’ എന്ന സിനിമയില്‍ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം ആലപിച്ചുകൊണ്ടാണ്. അര നൂറ്റാണ്ടിലേറെ സംഗീത രംഗത്ത് സജീവമായ യേശുദാസ് അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്. ചലച്ചിത്ര സംഗീത ലോകത്തു മാത്രമല്ല, കർണ്ണാടക സംഗീത രംഗത്തും അദ്ദേഹം സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്