നീറ്റ്-യുജി പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനായി നടത്താനുള്ള സാധ്യത കേന്ദ്രം പരിഗണിക്കുന്നു. ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ നടത്തിപ്പിലെ പിഴവുകളും ആവർത്തിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നീക്കം.പരീക്ഷാ പേപ്പർ ചോർച്ചയും തട്ടിപ്പും സംബന്ധിച്ച് അന്വേഷണങ്ങൾ മുന്നേറുന്നുണ്ടെങ്കിലും യഥാർത്ഥ പ്രതികളെ വെളിച്ചത്ത് കൊണ്ടുവരാനായില്ല.
നിലവിൽ പെൻ-പേപ്പർ എംസിക്യു ടെസ്റ്റായാണ് നീറ്റ് പരീക്ഷ നടത്തുന്നത്. നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് വിദ്യാർഥികൾക്ക് അവരുടെ ഉത്തരം തിരഞ്ഞെടുത്ത് ഒഎംആർ ഷീറ്റിൽ അടയാളപ്പെടുത്താം. എന്നാൽ ജോയിന്റ് എൻട്രൻസ് എക്സാം(JEE) മെയിൻ, അഡ്വാൻസ് പരീക്ഷകൾ ഓൺലൈനായാണ് നടത്തി വരുന്നത്.പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് ഈ ആഴ്ച ചേർന്ന മൂന്നു യോഗങ്ങളിലും ഓൺലൈൻ രീതിയിലേക്ക് മാറുന്നത് സംബന്ധിച്ച ആലോചനയാണ് നടന്നത് എന്നാണ് റിപ്പോർട്ടുകൾ.
പരീക്ഷാപ്രക്രിയയുടെ പരിഷ്കാരങ്ങൾ, ഡാറ്റാ സുരക്ഷ പ്രോട്ടോക്കോൾ മെച്ചപ്പെടുത്തൽ, എൻടിഎയുടെ ഘടനയും പ്രവർത്തനങ്ങളും തുടങ്ങിയവയിൽ ശിപാർശകൾ ശേഖരിക്കൽ തുടങ്ങിയവയ്ക്കായി ഐഎസ്ആർഒ മുൻ ചെയർമാൻ കെ രാധാകൃഷ്ണൻ അധ്യക്ഷനായ ഏഴംഗ സമിതിയെ ജൂൺ 22ന് കേന്ദ്രം രൂപീകരിച്ചിരുന്നു. ഓൺലൈൻ മോഡിലേക്ക് മാറുന്നതിനുള്ള അന്തിമ തീരുമാനം ദേശീയ മെഡിക്കൽ കമ്മിഷനായിരിക്കും കൈക്കൊള്ളേണ്ടത്. കെ രാധാകൃഷ്ണണൻ സമിതിക്ക് റിപ്പോർട്ട് നൽകുക എന്ന കടമ മാത്രമാവും.
ഈ വർഷം 24 ലക്ഷം വിദ്യാർഥികൾ നീറ്റ്- യുജി എഴുതിയിരുന്നു. ഓൺലൈനായി മാറുകയാണെങ്കിൽ ഒന്നിലധികം ഷിഫ്റ്റുകളിലും പല ദിവസങ്ങളിലും നടത്തേണ്ടി വരും. വ്യത്യസ്ത ചോദ്യപേപ്പറുകൾ സ്വീകരിക്കേണ്ടി വരും. ഫലം തയ്യാറാക്കുമ്പോൾ, ചോദ്യപേപ്പറുകളുടെ ബുദ്ധിമുട്ടിൽ വ്യത്യാസം ഉണ്ടാകാതിരിക്കാൻ മാർക്ക് നോർമലൈസ് ചെയ്യേണ്ടിയും വരും.
ജെ ഇ ഇ മെയിനിന്റെ രണ്ട് സെക്ഷനുകളിലും 8.22 ലക്ഷം വിദ്യാർഥികൾ മാത്രമാണ് പങ്കെടുത്തത്. 1.8 ലക്ഷം വിദ്യാർഥികൾ അഡ്വാൻസ്ഡ് പരീക്ഷ എഴുതി. ഈ സാഹചര്യത്തിൽ ഇത്രയും വിപുലമായ പരീക്ഷ എങ്ങനെ ഓൺലൈനിലേക്ക് എത്തിക്കും എന്നതും പരിഗണിക്കുന്ന വിഷയമാണ്. മാത്രമല്ല നാഷണൽ ടെസ്റ്റിങ് ഏജൻസി ഇപ്പോഴും ഒരു താത്കാലിക സംവിധാനം എന്ന നിലയിൽ നിന്നും വളർന്നിട്ടുമില്ല. ജീവക്കാരിൽ മുക്കാലും കരാറും ഡെപ്യൂട്ടേഷനുമാണ്.