ധാക്ക:ബംഗ്ലാദേശില്‍ സര്‍ക്കാര്‍ജോലി സംവരണത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ മരണസംഖ്യ 105 ആയി. പ്രക്ഷോഭകരെ നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടതോടെയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചത്.രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതിനൊപ്പം സൈന്യത്തെയും വിന്യസിച്ചു.വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ക്കെതിരെയുള്ള ആക്രമണം ഞെട്ടിക്കുന്നതും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ തുര്‍ക്ക് പ്രതികരിച്ചു.
തലസ്ഥാന നഗരമായ ധാക്കയില്‍ ആളുകള്‍ കൂട്ടം കൂടുന്നത് പൊലീസ് വിലക്കിയിരുന്നു. പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നായിരുന്നു പൊലീസ് മേധാവി അറിയിച്ചത്. എന്നാല്‍ പ്രക്ഷോഭകരെ തടയാന്‍ ആയില്ല. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കുന്നതുവരെ തെരുവിലുണ്ടാവുമെന്നും നിലവിലെ അക്രമ സംഭവങ്ങളുടെ ഉത്തരവാദി ഷെയ്ഖ് ഹസീനയാണെന്നുമാണ് പ്രക്ഷോഭകര്‍ ആരോപിക്കുന്നത്.