പാരിസ് ഒളിംപിക്സിന്റെ വര്‍ണാഭമായ കൊടിയിറക്കം.മലയാളിതാരം പി.ആര്.ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യന്‍ പതാകയേന്തി.
ലോകത്തെ വിസ്മയിപ്പിച്ച പാരിസ് ഉത്സവത്തിന് രണ്ടര മണിക്കൂറിലേറെ നീണ്ട ആഘോഷ പരിപാടികളോടെയാണ് ശുഭപര്യവസാനം.പുതിയ വേഗവും ദൂരവും ഉയരവും കീഴടക്കാനെത്തിയ പതിനായിരക്കണക്കിന് താരങ്ങളായിരുന്നു പാരിസ് ഒളിംപിക്സില്‍ പങ്കെടുക്കാന്‍ ഉണ്ടായിരുന്നത്.
ഒളിംപിക്സ് ദീപം ഉയര്‍ന്നു കത്തിയ ജാര്‍ഡിന്‍സ് ദെസ് ടുയ്ലെറീസിലേക്ക് ഫ്രാന്‍സിന്റെ നീന്തല്‍ താരം ലിയോണ്‍ മെര്‍ച്ചന്റ് കടന്നുവന്നതോടെയായിരുന്നു സമാപന ചടങ്ങുകളുടെ തുടക്കം.
റാന്തലില്‍ പകര്‍ന്നെടുത്ത ഒളിംപിക് ദീപവുമായി ലിയോണ്‍ സ്റ്റാഡ് ഡെ ഫ്രാന്‍സ് സ്റ്റേഡിയത്തിലേക്ക്. പിന്നാലെ വിവിധ രാജ്യങ്ങളുടെ പതാകയേന്തി അത്ലീറ്റുകള് സ്റ്റേഡിയത്തിലെത്തി. പാട്ടും നൃത്തവുമൊക്കെയാണ് ആഘോഷം കൊഴുത്തു. ലിയോണ്‍ മെര്‍ച്ചന്റ് സ്റ്റേഡിയത്തിലെത്തിയ ഒളിംപിക് ദീപം അണച്ചു. പ്രസിഡന്റ് തോമസ് ബാക്ക് മുപ്പത്തിമൂന്നാമത് ഗെയിംസ് സമാപനമായതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.2028ല്‍ ലോസ് ആഞ്ചലസിലാണ് അടുത്ത ഒളിമ്പിക്സ്.