ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനായി നാവികസേനയുടെ പരിശോധന ഇന്ന് തുടങ്ങും.ഗംഗാവലി പുഴയില്‍ ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താന്‍ സോണാര്‍ പരിശോധന നടത്തും.രാവിലെ ഒന്‍പതോടെ കാര്‍വാറില്‍ നിന്നുള്ള നാവികസേന അംഗങ്ങള്‍ ഷിരൂരില്‍ എത്തും.ഗംഗാവലി പുഴയുടെ ഒഴുക്കിന്റെ വേഗത അറിയാനുള്ള പരിശോധനയും നടത്തും. ഇതിന് ശേഷമായിരിക്കും നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ മുങ്ങിയുള്ള പരിശോധന നടത്തണോ എന്നുള്ള കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.
ദൗത്യം പുനരാരംഭിക്കാന്‍ വൈകുന്നതില്‍ അര്‍ജുന്റെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.തെരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അര്‍ജുന്റെ സഹോദരിയുടെ ഭര്‍ത്താവ് ജിതിന് നേരത്തെ പ്രതികരിച്ചത്.തെരച്ചില്‍ ആരംഭിക്കാന്‍ കേരള സര്‍ക്കാര്‍ കര്‍ണാടക സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന.