കോഴിക്കോട്: വടകരയിൽ പ്രചരിച്ച ‘കാഫിർ സ്ക്രീൻ ഷോട്ട്’ കേസിന്റെ കേസ് ഡയറി അന്വേഷണ സംഘം ഇന്ന് ഹൈകോടതിയിൽ ഹാജരാക്കും. അന്വേഷണ സംഘത്തോട് കോടതി നേരത്തേ കേസ് ഡയറി ആവശ്യപ്പെട്ടിരുന്നു. അന്വേഷണ റിപ്പോർട്ടിന് പിന്നാലെയാണ് കേസ് ഡയറി നൽകുന്നത്.
നിലവിലെ അന്വേഷണ പുരോഗതിയും പൊലീസ് കോടതിയെ അറിയിക്കും. കേസിൽ പ്രതിചേർത്ത എം.എസ്.എഫ് ജില്ല സെക്രട്ടറി കെ.ടി. മുഹമ്മദ് കാസിം നൽകിയ ഹർജിയിൽ പൊലീസ് നൽകിയ സത്യവാങ്മൂലത്തിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.കെ ശൈലജ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്തെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
പിന്നീട് നൽകിയ അന്വേഷണ റിപ്പോർട്ടിൽ, വിവാദ പോസ്റ്റ് വന്ന ‘അമ്പാടിമുക്ക് സഖാക്കൾ’ എന്ന ഫേസ്ബുക്ക് പേജിന്റെ അഡ്മിൻ മനീഷ് മനോഹരന് ‘റെഡ് ബെറ്റാലിയൻ’ വാട്സ്ആപ് ഗ്രൂപ്പിൽനിന്നാണ് ഇത് ലഭിച്ചതെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.‘റെഡ് ബെറ്റാലിയൻ’ ഗ്രൂപ്പിൽ ഈ പോസ്റ്റിട്ട അമൽറാമിന് ‘റെഡ് എൻകൗണ്ടേഴ്സ്’ ഗ്രൂപ്പിൽനിന്നാണ് ലഭിച്ചതെന്നും അവിടെ പോസ്റ്റിട്ടത് ആർ.എസ്. റിബേഷാണെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.
ആർ.എസ്. റിബേഷിന്റെയും ഇതേ രീതിയിൽ പോസ്റ്റ് വന്ന മറ്റൊരു ഫേസ്ബുക്ക് പേജായ ‘പോരാളി ഷാജി’യുടെ അഡ്മിൻ വഹാബിന്റെയും മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് അയച്ചതായും റിപ്പോർട്ടിലുണ്ടായിരുന്നു. കേസ് ഡയറിയും അന്വേഷണ പുരോഗതിയും പൊലീസ് ഹാജരാക്കുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരും.
കേസുമായി ബന്ധപ്പെട്ട് ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കൂടിയായ ആർ.എസ്. റിബേഷിനെതിരെ യു.ഡി.എഫ് ആരോപണങ്ങളുമായി രംഗത്തുണ്ട്. ഇതിനെ പ്രതിരോധിച്ച്, റിബേഷാണ് വ്യാജ പോസ്റ്റുണ്ടാക്കിയതെന്ന് തെളിയിക്കുന്നവർക്ക് 25 ലക്ഷം രൂപ സമ്മാനം നൽകുമെന്ന് ഡി.വൈ.എഫ്.ഐയും പ്രഖ്യാപിച്ചു.
മുഹമ്മദ് കാസിമല്ല പോസ്റ്റുണ്ടാക്കിയതെന്ന് വ്യക്തമായതോടെ സമൂഹ മാധ്യമ കമ്പനിയായ മെറ്റയോട് പൊലീസ് വിവരം തേടിയിരുന്നു. എന്നാൽ, വിവരം ലഭ്യമാക്കാത്തതിനാൽ ഫേസ്ബുക് നോഡൽ ഓഫിസറും പ്രതിപ്പട്ടികയിലുണ്ട്.