ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ബി.ആർ.എസ് നേതാവ് കെ.കവിതയ്ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മദ്യനയ അഴിമതിക്കേസിൽ കവിതയ്ക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കാൻ ജസ്റ്റിസുമാരായ ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ഇ.ഡിയോടും സി.ബി.ഐയോടും വാദത്തിനിടെ ആവശ്യപ്പെട്ടു. മുതിർന്ന അഭിഭാഷകൻ മുകുള്‍ റോഹ്തഗിയാണ് കവിതക്കായി കോടതിയിൽ ഹാജരായത്.
മുന്‍ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകളാണ് 46-കാരിയായ കെ. കവിത. ഡല്‍ഹിയില്‍ പുതിയ മദ്യനയം കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് ഭരണപാര്‍ട്ടിയായ ആംആദ്മിക്ക് 100 കോടി നല്കിയ സൗത്ത് ഗ്രൂപ്പ് എന്ന കമ്പനിയുമായി കവിതയ്ക്ക് ബന്ധമുണ്ട് എന്നായിരുന്നു ആരോപണം.
ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ഇ.ഡിയുടെ ചോദ്യംചെയ്യലിനായാണ് കവിതയെ തിഹാര്‍ ജയിലിലേക്ക് മാറ്റിയത്.ഹൈദരാബാദിലെ ബന്ജാര ഹില്‍സിലുള്ള വസതിയില്‍നിന്ന് മാര്‍ച്ച് 15-നാണ് ഇ.ഡി. കവിതയെ കസ്റ്റഡിയിലെടുത്തത്.
പിന്നാലെ കോടതിയില്‍ ഹാജരാക്കിയ കവിതയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയിൽ വിട്ടുകൊണ്ട് ഉത്തരവായി. പിന്നീട് പ്രത്യേക കോടതിയുടെ ഉത്തരവോടെയാണ് തിഹാര്‍ ജയിലിനുള്ളില്‍വെച്ച് സി.ബി.ഐ. കവിതയെ ചോദ്യംചെയ്തത്. തുടർന്ന് ജയിലിനുള്ളില്‍വെച്ചു അവരെ സി.ബി.ഐ. അറസ്റ്റുചെയ്തു.