കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് അഭിമാനമായി അഞ്ച് ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡിന്റെ അംഗീകാരം. ആരോഗ്യമന്ത്രി വീണാ ജോര്‍ജാണ് അംഗീകാര വാര്‍ത്ത പങ്കുവെച്ചത്. ഒരു ആശുപത്രിയ്ക്ക് പുതുതായി അംഗീകാരവും നാല് ആശുപത്രികള്‍ക്ക് പുന:അംഗീകാരവുമാണ് ലഭിച്ചത്.
കൊല്ലം ശക്തികുളങ്ങര കുടുംബാരോഗ്യ കേന്ദ്രത്തിനായാണ് പുതുതായി അംഗീകാരം ലഭിച്ചത്. 96 ശതമാനം സ്കോര്‍ നേടിയാണ് അംഗീകാരം സ്വന്തമാക്കിയത്. കണ്ണൂര്‍ പാട്യം കുടുംബാരോഗ്യ കേന്ദ്രം 97% സ്കോറും, എറണാകുളം വാഴക്കുളം കുടുംബാരോഗ്യ കേന്ദ്രം 93% സ്കോറും, തൃശ്ശൂര്‍ തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം 91% സ്കോറും, മലപ്പുറം ഇരവിമംഗലം നഗര കുടുംബാരോഗ്യ കേന്ദ്രം 90 % സ്കോറും നേടിയാണ് പുന:അംഗീകാരം നേടിയത്. ഇതോടെ സംസ്ഥാനത്തെ 177 ആശുപത്രികള്‍ എന്‍ക്യുഎഎസ് അംഗീകാരവും 81 ആശുപത്രികള്‍ പുന:അംഗീകാരവും നേടി.
അഞ്ച് ജില്ലാ ആശുപത്രികള്‍, നാല് താലൂക്ക് ആശുപത്രികള്‍, ഒമ്പത് സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 118 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിങ്ങനെയാണ് എന്‍ക്യുഎഎസ് അംഗീകാരം നേടിയിട്ടുള്ളത്. എന്‍ക്യുഎഎസ് അംഗീകാരത്തിന് മൂന്ന് വര്‍ഷ കാലാവധിയാണുളളത്. കൂടുതല്‍ ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിച്ച് വരുന്നതായും മന്ത്രി പറഞ്ഞു.