ജബൽപൂർ: ഇൻഡോർ-ജബൽപൂർ എക്സ്പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകൾ ഇന്ന് രാവിലെ മധ്യപ്രദേശിലെ ജബൽപൂർ സ്റ്റേഷനിലേക്ക് എന്നുന്നതിന്റെ തൊട്ടുമുമ്പ് പാളം തെറ്റി. പുലർച്ചെ 5.40ഓടെയാണ് സംഭവം.
‘എൻജിനോട് ചേർന്നുള്ള രണ്ട് കോച്ചുകൾ പാളം തെറ്റി, പക്ഷേ ഭാഗ്യവശാൽ, യാത്രക്കാർക്ക് പരിക്കേറ്റിട്ടില്ലെ’ന്ന് ജബൽപൂർ റെയിൽ ഡിവിഷനിലെ സീനിയർ ഡിവിഷനൽ കൊമേഴ്സ്യൽ മാനേജർ മധുർ വർമ പി.ടി.ഐയോട് പറഞ്ഞു.
പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നുവരികയാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും റെയിൽവേ അറിയിച്ചു. പാളം തെറ്റിയ കോച്ചുകൾ എൻജിന് തൊട്ടുപിറകിലാണ് സ്ഥാപിച്ചിരുന്നത്, പ്ലാറ്റ്ഫോമിൽ നിന്ന് 50 മീറ്റർ അകലെയാണ് പാളം തെറ്റിയത്.
ഇന്ന് പുലർച്ചെ 5.38ന് ജബൽപൂർ സ്റ്റേഷനിൽ പ്രവേശിക്കാനിരിക്കെയാണ് പാളം തെറ്റിയത്. പാളം തെറ്റിയതിന് പിന്നിലെ കാരണം അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ.
പാതയിൽ റെയിൽ ഗതാഗതം സാധാരണ നിലയിലാണെന്നും പാളം തെറ്റിയ കോച്ചുകൾ വീണ്ടും ഗതാഗത യോഗ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വെസ്റ്റ് സെൻട്രൽ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫിസർ ഹർഷിത് ശ്രീവാസ്തവ പറഞ്ഞു.