കൊച്ചി: വടകര വ്യാജ കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസില്‍ പ്രതിയായ മുഹമ്മദ് ഖാസിം നല്കിയ ഹര്‍ജിയിലെ നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി. കേസില്‍ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സിംഗിള്‍ ബെഞ്ച്, പൊലീസിന്റെ തുടര്‍ നീക്കങ്ങള്‍ ശരിയായ ദിശയില്‍ ആകണമെന്നും നിര്‍ദേശിച്ചു. മുഹമ്മദ് ഖാസിമാണ് വ്യാജ സ്ക്രീന്‍ ഷോട്ടുണ്ടാക്കിയതെന്ന് കണ്ടെത്താനായില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഇടത് സൈബര്‍ വാട്സ് ആപ് ഗ്രൂപ്പുകളിലാണ് ഇതാദ്യം എത്തിയതെന്നും തുടക്കം എവിടുന്നാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നുമായിരുന്നു അന്വേഷണസംഘത്തിന്റെ നിലപാട്. ആയിരത്തോളം ഫോണുകളുണ്ടാകാമെന്നും അന്വേഷണ സംഘത്തിനോട് അതെല്ലാം പരിശോധിക്കാനാവശ്യപ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
കാലതാമസം കൂടാതെ അന്വേഷണം പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദേശം നല്കി. വ്യാജ രേഖ ചമച്ചവരെ കണ്ടെത്തേണ്ടത് അനിവാര്യമെന്നും വ്യാജ സ്ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ചവരുടെ ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കണമെന്നും ഹര്ജിക്കാരന് മുഹമ്മദ് ഖാസിം ആവശ്യപ്പെട്ടു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് ഖാസിമിന് മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.