സംസ്ഥാനത്ത് നിപയും എംപോക്സും സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ തുടരുകയാണ്. മലപ്പുറം ജില്ലയിലാണ് എം പോക്സും നിപയും സ്ഥിരീകരിച്ചിരിക്കുന്നത്. ഏഴുപേര്‍ക്ക് നിപ രോഗലക്ഷണങ്ങള്‍ ഉണ്ടെന്നും ഇവരുടെ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ടെന്നും ഇന്നലെ നടന്ന ഉന്നതതല യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മലപ്പുറത്തെ നിപ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 267 പേരാണുള്ളത്. ഇതുവരെ പരിശോധിച്ച 37 സാമ്പിളുകളും നെഗറ്റീവാണ്.
എം പോക്സ് സ്ഥിരീകരിച്ച മലപ്പുറത്ത് യുവാവിന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 30 പേരാണ് ഉളളത്. ഇതില്‍ 23 പേര് കേരളത്തില്‍ തന്നെ ഉളളവരാണ്. എം പോക്സ് വൈറസ് വകഭേദം കണ്ടെത്താന്‍ ജീനോം സീക്വന്‍സിങ് നടത്തുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗിയ്ക്ക് പിടിപെട്ടത് ഏത് വകഭേദം ആണെന്ന് കണ്ടെത്താന്‍ പരിശോധന നടത്തുന്നുണ്ടെന്നും 2 ബി ആണെങ്കില്‍ വ്യാപനം കുറവാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. 1 ബിയ്ക്ക് വ്യാപനശേഷി വളരെ കൂടുതലാണ്. ആഫ്രിക്കയില്‍ കണ്ടെത്തിയ വകഭേദം ഇതാണ്.