കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. ‘ആരെയാണ് മുഖ്യമന്ത്രി തോല്‍പ്പിക്കുന്നത്’ എന്ന തലകേട്ടോടെയാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. ആരോപണങ്ങളില്‍ നട്ടം തിരിയുമ്പോഴും ആരോപണ വിധേയരെ ചേര്‍ത്തു പിടിക്കാനാണ് മുഖ്യമന്ത്രിയുടെ വ്യഗ്രതയെന്ന് സുപ്രഭാതത്തില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. രാജാവിനൊപ്പമുള്ളവര് നഗ്നരാണെന്ന് വിളിച്ചുപറഞ്ഞ എംഎല്‍എയുടെ രാഷ്ട്രീയ ഡിഎന്‍എ പരതുന്നതിലാണ് മുഖ്യമന്ത്രിക്കു താല്പര്യമെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
അന്‍വറിന്റെ പരാതികള്‍ക്കു ചെവികൊടുക്കുന്നെന്ന തോന്നല്‍ പൊതുസമൂഹത്തിലുണ്ടാക്കാന്‍ തുടക്കത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഉത്സാഹിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തോടെ ഇരയ്ക്കൊപ്പമല്ല ഇരപിടിയന്മാര്ക്കൊപ്പമാണ് തങ്ങളെന്ന് മുഖ്യമന്ത്രി മറവില്ലാതെ പറയുകയുണ്ടായി.
ഘടകകക്ഷികളെപ്പോലും നിശബ്ദരാക്കി എന്തിനാണ് ഒരു എഡിജിപിയെ സംരക്ഷിക്കാന്‍ മുഖ്യമന്ത്രി ഇത്ര തിടുക്കംകാട്ടുന്നത്,’ മുഖപ്രസംഗത്തില്‍ ചോദിക്കുന്നു. ‘കസ്റ്റഡിക്കൊലകള്‍ ആവര്‍ത്തിച്ചപ്പോഴും മാവോയിസ്റ്റുകളെ വെടിവച്ചുകൊന്നപ്പോഴും യുഎപിഎ കേസില്‍ യുവാക്കളെ തടവിലാക്കിയപ്പോഴും ഇതുതന്നെയായിരുന്നു പല്ലവി.
അഴിമതിയും സ്വര്‍ണക്കവര്‍ച്ചയും അവിഹിത സ്വത്തുസമ്പാദനവും കൊലപാതകപ്രേരണയും ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നേരിടുന്ന എഡിജിപി എംആര്‍ അജിത്കുമാറിന് രക്ഷാകവചമൊരുക്കാനും മുഖ്യമന്ത്രി പ്രയോഗിക്കുന്ന വാക്ക് ‘പൊലീസിന്റെ മനോവീര്യം തകര്‍ക്കരുതെ’ന്നതുതന്നെ,’ മുഖപ്രസംഗത്തില്‍ പരിഹസിക്കുന്നു.