തിരുവനന്തപുരം : പൂരംകലക്കലുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളില്‍ വിശദമായ അന്വേഷണത്തിന് സംസ്ഥാന പൊലീസ് മേധാവിയെ ചുമതപ്പെടുത്തിയതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്.
എഡിജിപി എം ആര് അജിത് കുമാറിന്റെ വീഴ്ചയും അന്വേഷിക്കും. പൂരം ഇതിനു മുന്‍പും വെട്ടിച്ചുരുക്കിയ സാഹചര്യം ഉണ്ടായിട്ടുണ്ട്. 1930 ലും 2020 ലും പൂരം ചടങ്ങുകളായി ചുരുക്കിയിരുന്നു. ഇക്കഴിഞ്ഞ പൂരത്തില്‍ ചില പ്രത്യേക സാഹചര്യങ്ങള്‍ ഉണ്ടായി. അക്കാര്യത്തിലാണ് അന്വേഷണം നടക്കുക.
ചൂരല്‍മലയിലും മറ്റുമുണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍ നഷ്ടമാണ് സംസ്ഥാനത്തിന് ഉണ്ടായത്. എന്നാല്‍ കേന്ദ്രത്തിന്റെ പ്രഖ്യാപനം ഉണ്ടായില്ല. 145.6 കോടിയാണ് ആദ്യഘഡു അനുവദിച്ചത്. 140 കോടി അഡ്വാന്‍സായി അനുവദിച്ചത്. ഈ പണം ദുരന്തത്തിന്റെ ഭാഗമായി ലഭിച്ചതല്ല.
വയനാട് ദുരന്തത്തിനെ തുടര്‍ന്ന് സംസ്ഥാനത്തിന് സഹായം വാഗ്ദാനം ഉണ്ടായിരുന്നു. പ്രത്യേക സഹായം ഉണ്ടായില്ല. അര്‍ഹമായ സഹായം എത്രയും വേഗം ലഭ്യമാക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടാന്‍ മന്ത്രി സഭായോഗം തീരുമാനിച്ചിട്ടുണ്ട്.
വയനാട് ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് മാതിപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതം. മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട എട്ട് കുട്ടികള്‍ക്ക് 5 ലക്ഷം രൂപയും നല്‍കും. വനിതാ-ശിശുക്ഷേമ വകുപ്പാണ് തുക നല്‍കുക. പുനരധിവാസത്തിനായി സ്ഥലം കാണാനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ട് സ്ഥലം മേപ്പാടിയിലെ നെടുമ്പാല എസ്ററ്റേറ്റ്.
എല്‍സ്റ്റോണ്‍ എസ്റ്റേറ്റ് എന്നിവയാണ് കണ്ടെത്തിയത്. ഇവിടെ മോഡല്‍ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കും. ടൗണ്‍ഷിപ്പിനായി കണ്ടെത്തിയ ഈ സ്ഥലങ്ങള്‍ ഏറ്റെടുക്കുന്നതിനുള്ള നിയമ പ്രശ്നങ്ങളില്‍ അഡ്വക്കറ്റ് ജനറലിനോട് നിയമോപദേശം തേടി. ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുത്താല്‍ കാലതാമസം ഒഴിവാക്കാം.
ദുരന്തത്തില്‍ വീടും മറ്റും നഷ്ടപ്പെട്ടവരെ ഒന്നാം ഘട്ടം പുനരധിവസിപ്പിക്കും. വാസയോഗ്യമല്ലാതായ സ്ഥലത്ത് താമസിക്കുന്നവരെ രണ്ടാം ഘട്ടത്തില്‍ മാറ്റി പാര്‍പ്പിക്കും. പട്ടിക ജില്ലാ കളക്ടര്‍ പ്രഖ്യാപിക്കും. മാതാപിതാക്കള്‍ നഷ്ടപ്പെട്ട ശ്രുതിയുടെ അവസ്ഥ എല്ലാവര്ക്കും അറിയാം. പ്രതിശ്രുത വരന് നഷ്ടപ്പെട്ടു. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കും. ഷിരൂരില്‍ മരണപ്പെട്ട അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു.