ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വറിനെതിരെ വീണ്ടും കേസ്. പി വി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വിട്ടതിനാണ് കേസ്. അരീക്കോട് എംഎസ്പി ക്യാമ്പ് കമാന്റന്റ് നല്കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
മഞ്ചേരി പൊലീസാണ് അന്‍വറിനെതിരെ കേസെടുത്തത്. രഹസ്യ സ്വഭാവമുള്ള വിവരങ്ങള്‍ പുറത്ത് വിട്ടുവെന്നാണ് പരാതി. അരീക്കോട് എംഎസ്പി ക്യാമ്പില്‍ വച്ച് ഫോണ്‍ ചോര്‍ത്തിയെന്ന പരാമര്‍ശത്തിലാണ് അന്‍വറിനെതിരെ കേസെടുത്തിരിക്കുന്നത്.
മുന്‍ മലപ്പുറം എസ്പി പി സുജിത്ത് ദാസുമായി നടത്തിയ ഫോണ്‍സംഭാഷണം പി വി അന്‍വര്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരുന്നു. പിന്നാലെ സുജിത്ത് ദാസിനെ സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു. എഡിജിപി എം ആര് അജിത്ത് കുമാര്‍, പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്‍വര്‍ ഉയര്‍ത്തിയത്.