ടെന്നിസ് കോര്‍ട്ടിലെ ഇതിഹാസം റാഫേല്‍ നദാല്‍ വിരമിക്കുന്നു. ഡേവിസ് കപ്പ് ക്വാര്‍ട്ടറിന് പിന്നാലെ താരം ടെന്നിസിനോട് വിടപറയും. വിരമിക്കല്‍ പ്രഖ്യാപിച്ചു കൊണ്ടുളള വീഡിയോയിലുടെയാണ് നദാന് ഇക്കാര്യം പറഞ്ഞത്.
‘ഞാന്‍ പ്രൊഫഷണല്‍ ടെന്നിസില്‍ നിന്ന് വിരമിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയതായിരുന്നു, പ്രത്യേകിച്ചും കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍. തീര്‍ച്ചായും വിരമിക്കുക എന്നത് ഏറെ ബുദ്ധിമുട്ടേറിയ തീരുമാനമാണ്. ഒരല്‍പ്പം സമയമെടുത്താണ് ഈ തീരുമാനത്തിലേക്ക് എത്തിയത്. ജീവിതത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്.’ വിരമിക്കല്‍ വീഡിയോയില്‍ നദാല്‍ പറഞ്ഞു.

കഴിഞ്ഞ മാസം നടന്ന ലേവര്‍ കപ്പിലാണ് നദാല്‍ അവസാനമായി ഒരു ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. കരിയറില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ നേടിയ രണ്ടാമത്തെ പുരുഷ താരമാണ് നദാല്‍.
കരിയറില്‍ ആകെ 92 കിരീടങ്ങളാണ് നദാല്‍ നേടിയിട്ടുള്ളത്. 22 ഗ്രാന്‍ഡ്സ്ലാമാണ് നദാല്‍ തന്റെ ടെന്നിസ് കരിയറില്‍ നേടിയത്. 14 തവണ ഫ്രഞ്ച് ഓപണ്‍ കിരീടവും സ്പാനിഷ് താരം സ്വന്തമാക്കി. ഒരു തവണ ഒളിംപിക്സ് സ്വര്‍ണവും നദാല്‍ സ്വന്തമാക്കി.