കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു പെട്രോള്‍ പമ്പിന് അനുമതി നല്കാന് പണം വാങ്ങിയെന്ന് പരാതി ഉന്നയിച്ച
പ്രശാന്തനുമായി കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇരുവരും പള്ളിക്കരയിലെ ക്വാട്ടേഴ്സിന്റെ മുന്നില്‍വെച്ച് കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. നവീന്‍ ബാബുവിന്റെ ക്വാട്ടേഴ്സില്‍ പ്രശാന്തന് എത്തിയെന്ന് ആരോപിക്കപ്പെടുന്ന ദിവസത്തെ ദ്യശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
പെട്രോള്‍ പമ്പിന്റെ എന്‍ഒസി നല്കാന് നവീന്‍ ബാബു 98,500 രൂപ ആവശ്യപ്പെട്ടതായാണ് പ്രശാന്തന് പരാതി നല്‍കിയത്. ഒരു ലക്ഷം രൂപ നവീന്‍ ആവശ്യപ്പെട്ടെങ്കിലും പലയിടത്തുനിന്നായി സംഘടിപ്പിച്ച 98,500 രൂപ താന്‍ കൊടുത്തെന്നാണ് പ്രശാന്തന് പ്രതികരിച്ചിരുന്നു. പണം തന്നില്ലെങ്കില്‍ പമ്പിന് അനുമതി ലഭിക്കാത്ത തരത്തില്‍ ആക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രശാന്തന് പറഞ്ഞിരുന്നു.