പാലക്കാട്: കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍. മുന്‍ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് ആണ് എ കെ ഷാനിബ് രംഗത്തെത്തിയത്.പാര്‍ട്ടിക്കകത്ത് നടക്കുന്ന തെറ്റായ സമീപനങ്ങളില്‍ സഹികെട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് ഷാനിബ് പ്രതികരിച്ചിരുന്നു.
പി സരിന് കോണ്‍ഗ്രസ് വിട്ട് പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് എ കെ ഷാനിബും പാര്‍ട്ടി വിട്ടത്. സംഭവത്തിന് പിന്നാലെ ഷാനിബിന് പിന്തുണയറിയിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതാവായിരുന്ന വിമല്‍ പി ജി രാജി പ്രഖ്യാപിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റായിരുന്നു വിമല്‍. മറ്റു രാഷ്ട്രീയ പാര്‍ട്ടികളില്‍ അംഗത്വം എടുക്കില്ലെന്നും വിമല്‍ പറഞ്ഞിരുന്നു.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതൃത്വം കൂടിയാലോചനകള്‍ നടത്തില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെയും, ഷാഫി പറമ്പില്‍ എംപിക്കെതിരെയും ഗുരുതര ആരോപണങ്ങളായിരുന്നു ഷാനിബ് ഉയര്‍ത്തിയത്. പാലക്കാട് ഡിസിസി നേതൃത്വമാണ് എ കെ ഷാനിബിനെതിരെ നടപടി എടുത്തത്. അതിവൈകാരികമായിട്ടായിരുന്നു ഷാനിബിന്റെ പാര്‍ട്ടിയില്‍ നിന്നുള്ള പടിയിറക്കം.