ഇന്ത്യ-ന്യൂസിലന്റ് രണ്ടാം ടെസ്റ്റിന് ഇന്ന് തുടക്കം. പൂനെയിലാണ് മത്സരം നടക്കുന്നത്. ആദ്യ ടെസ്റ്റില്‍ അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയ്ക്ക് പരമ്പരയില്‍ തിരിച്ചുവരവിന് രണ്ടാം ടെസ്റ്റില്‍ വിജയം അനിവാര്യമാണ്. പരിക്കിനെ തുടര്‍ന്ന് ആദ്യ ടെസ്റ്റില്‍ കളിക്കാതിരുന്ന ശുഭ്മാന്‍ ഗില്‍ ടീമില്‍ തിരിച്ചെത്തും.
ഗില്‍ തിരിച്ചെത്തുമ്പോള്‍ ആരെ ഒഴിവാക്കും എന്നതാണ് ആകാംക്ഷ. ആദ്യ ടെസ്റ്റില്‍ ഗില്ലിന് പകരക്കാരനായി സര്‍ഫ്രാസ് ഖാനാണ് ഇടം പിടിച്ചത്. ആദ്യ ഇന്നിംഗ്സില്‍ പൂജ്യത്തിന് പുറത്തായെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ മിന്നുന്ന സെഞ്ച്വറിയോടെ താരം തിളങ്ങി. എന്നാല്‍ മുതിര്‍ന്ന താരം കെഎല്‍ രാഹുല്‍ രണ്ട് ഇന്നിംഗ്സിലും ദയനീയമായി പരാജയപ്പെട്ടു. അതിനാല്‍ രാഹുലിനെ പുറത്തിരുത്താനാണ് സാധ്യത.
ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്ന് സഹപരിശീലകന്‍ റിയന്‍ ടെന്‍ ഡോഷറ്റെ വ്യക്തമാക്കിയിട്ടുണ്ട് നായകന് രോഹിതും ജയ്സ്വാളും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും. ഗില്‍ മൂന്നാം നമ്പറിലും കോഹ്ലി നാലാം നമ്പറിലും എത്തും. അഞ്ചാം നമ്പറില്‍ പന്ത് ഉറപ്പാണ്.
ആറാമത്തെ ബാറ്റര്‍ രാഹുലോ സര്ഫ്രാസോ എന്നതിലാണ് തീരുമാനം അന്തിമമാകേണ്ടത്. ഫോമിലില്ലാത്ത രാഹുലിന് നറുക്ക് വീണാല്‍ ഒരു പക്ഷേ അത് താരത്തിന് സ്ഥാനം ഉറപ്പിക്കാന്‍ ലഭിക്കുന്ന അവസരമാകും. അതേസമയം, കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി കുറിച്ച സര്‍ഫ്രാസിനെ എങ്ങനെ പുറത്തിരുത്തുമെന്നതും ടീം മാനേജ്മെന്റിനെ അലട്ടുന്നുണ്ട്.
ബാംഗ്ലൂര്‍ ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ബാറ്റര്‍മാര്‍ കളി മറന്നപ്പോള്‍ വെറും 46 റണ്‍സിനാണ് ഇന്ത്യ പുറത്തായത്. രണ്ടാം ഇന്നിംഗ്സില്‍ മികച്ച രീതിയില്‍ തിരിച്ച് വന്നെങ്കിലും ജയം സ്വന്തമാക്കാനായില്ല. മറുവശത്ത് പരമ്പരയിലെ ആദ്യമത്സരത്തില്‍ തന്നെ ഇന്ത്യയെ വീഴ്ത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് ന്യൂസിലന്റ്.