കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ കസ്റ്റഡിയില്‍ വിട്ടു. ഇന്ന് വൈകിട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയില്‍ ഹാജരാക്കണമെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. രണ്ട് ദിവസത്തേക്കാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്.
അതേസമയം ദിവ്യയുടെ ജാമ്യ ഹര്‍ജി ഇന്ന് തലശേരി കോടതി പരിഗണിക്കും. കണ്ണൂര്‍ ജില്ലാ കളക്ടറുടേയും കൈകൂലി ആരോപണം ഉന്നയിച്ച പ്രശാന്തന്റെയും മൊഴികള്‍ ആയുധമാക്കിയാണ് ദിവ്യ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്. ദിവ്യയുടെ ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്.