ഷൊര്‍ണൂർ : ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി പുഴയിൽ വീണ തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി. സേലം അടിമലൈ പുത്തൂർ സ്വദേശി ലക്ഷ്മണിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇതോടെ മരിച്ച നാലുപേരുടെയും മൃതദേഹം കണ്ടെത്തി.
ട്രെയിൻ ഇടിയിൽ നിന്നും രക്ഷപ്പെടാൻ ലക്ഷ്മണൻ പാലത്തിൽനിന്ന് പുഴയിലേക്ക് ചാടുകയായിരുന്നെന്നാണ് വിവരം. ഇന്നലെ തെരച്ചിൽ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ മുതൽ ഫയർഫോഴ്സിന്റെ സ്കൂബാ ടീം ഉൾപ്പെടെ നടത്തിയ തെരച്ചിലിനൊടുവിലാണ് ലക്ഷ്മണന്റെ മൃതദേഹം കണ്ടെത്തിയത്.
മരണപ്പെട്ട നാല് പേരും തമിഴ്നാട് സേലം സ്വദേശികളാണ്. ട്രെയിൻ വരുന്നത് അറിയാതെ റെയിൽവേ ട്രാക്കിൽനിന്ന് മാലിന്യം പെറുക്കുന്നതിനിടെയാണ് കേരള എക്സ്പ്രസ് തട്ടി അപകടമുണ്ടാകുന്നത്.
സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ അനുശോചനം അറിയിച്ചു. ഒപ്പം മരിച്ചവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാകും ധനസഹായം നൽകുക.