മനുഷ്യരുടെ ആവശ്യത്തിന് വേണ്ടി ആനകളെ ഉപയോഗിക്കുന്നതിൽ വിമർശനവുമായി ഹൈക്കോടതി. ആനകളെ പിടികൂടുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ അടുത്ത തലമുറക്ക് അവയെ മ്യൂസിയത്തിൽ കാണണ്ടിവരുമെന്നാണ് കോടതിയുടെ വിലയിരുത്തൽ.
കാട്ടാനകളെ പിടികൂടി നാട്ടാനകളാക്കി മാറ്റുന്നതിനെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. അത്തരം ശ്രമങ്ങൾക്കൊടുവിൽ നാലിൽ ഒന്ന് ആനകൾ ചരിഞ്ഞുവെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ വിമർശനം. അവയെ ദുരവസ്ഥയിൽ കൊണ്ടെത്തിച്ചല്ല ആചാരങ്ങൾ നടത്തണ്ടതെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്തെ ആനകൾ സുരക്ഷിതരായിരിക്കണം. നിലവിൽ മതപരമായ ചടങ്ങുകൾക്ക് മാത്രമേ ആനയെ ഉപയോഗിക്കാവൂ എന്ന് അമിക്കസ് ക്യൂറി നിർദേശിച്ചിട്ടുണ്ട്. നാട്ടാനകളെ ഉപയോഗിക്കുന്നതിനു ചട്ടം രൂപീകരിക്കുന്നത് സംബന്ധിച്ച വാദം കോടതി ചൊവ്വാഴ്ച കേൾക്കും.