ഉലകനായകൻ കമൽ ഹാസന് ഇന്ന് 70 -ാം പിറന്നാൾ. അരനൂറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്മയിപ്പിച്ചും ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഇന്ത്യൻ സിനിമയുടെ മുഖമായി മാറിയ താരമാണ് കമൽ ഹാസൻ. ഇന്ത്യൻ സിനിമയിൽ എന്നല്ല ലോകസിനിമയുടെ ചരിത്രത്തിൽ തന്നെ ഇത്തരത്തിലൊരു നടനുണ്ടാകില്ല എന്നുതന്നെ പറയാം.
1960 ൽ ബാലതാരമായി സിനിമിൽ അരങ്ങേറിയ പാർത്ഥസാരഥി ശ്രീനിവാസൻ സാക്ഷാൽ കമൽ ഹാസൻ ആയി സ്വയം അടയാളപ്പെടുത്തുന്നത് വൈവിധ്യമായ നിരവധി കഥാപാത്രങ്ങളിലൂടെയാണ്. സിനിമ മേഖലയിലല്ലാതെ രാഷ്ട്രീയ-ജീവകാരുണ്യ പ്രവർത്തനങ്ങളിലും തൽപരനായ അദ്ദേഹം 2018 ൽ മക്കൾ നീതി മയ്യം എന്ന പേരിൽ രാഷ്ട്രീയ പാർട്ടി രൂപികരിച്ചു.
തുടക്കത്തിൽ തമിഴ് സിനിമയുടെ മുഖമായി മാറിയ കമൽ പിന്നീട് തുടർ പരാജയങ്ങളിലും നീണ്ട ഇടവേളകളിലും രാഷ്ട്രീയ പ്രവേശനത്തിലും പെട്ട് ഫീൽഡ് ഔട്ടിന്റെ വക്കിലെത്തി. പിന്നീട് ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത വിക്രത്തിലൂടെയാണ് കമൽ വീണ്ടും തന്റെ മാസ്സ് ഹീറോ റോളുകളിലേക്ക് തിരിച്ച് വരവ് നടത്തുന്നത്.
രണ്ടാം വരവിൽ ‘തിരുമ്പവും ആരംഭിക്കലാമ ‘ എന്ന് ചോദിച്ചുകൊണ്ട് ആരൊക്കെ വന്നാലും പോയാലും ഞാനിവിടെ തന്നെ ഉണ്ടാകും എന്ന് ആവർത്തിച്ച് സ്ഥാപിക്കുന്ന ആണ്ടവർക്ക് പിറന്നാൾ ആശംസകൾ.