പാലക്കാട് പെട്ടി വിവാദം അടഞ്ഞ അധ്യായമല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഇക്കാര്യത്തില്‍ അഭിപ്രായവ്യത്യാസമില്ല, തന്റേതാണ് പാര്‍ട്ടി നിലപാടെന്നും അദ്ദേഹം പ്രതികരിച്ചു. ഒരു ബാഗിന് പിന്നാലെ പോകുന്ന പാര്‍ട്ടിയല്ല സിപിഐഎം. പെട്ടി വിവാദം യാദൃശ്ചികമായി വന്ന പ്രശ്നമാണ് ഉപേക്ഷിക്കേണ്ട കാര്യമില്ല. സംഭവത്തില്‍ കാര്യക്ഷമായ അന്വേഷണം വേണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ജനകീയ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ നിലവില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. അത് ഇനിയും തുടരും. ഒപ്പം പെട്ടി വിവാദവും സജീവ ചര്‍ച്ചയാക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.
സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പില്‍ ശ്രദ്ധാകേന്ദ്രമായി പാലക്കാട് മാറിയിരിക്കുന്നു. പാലക്കാട് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന വാർത്ത ഇടതിന് ആവേശം നല്കുന്നു. എന്നാൽ എൽഡിഎഫ് ഇവിടെ മുന്നിലാണ്. പി സരിന് അനുകൂലമായ അന്തരീക്ഷമാണ് മണ്ഡലത്തിലുളളത്. കഴിഞ്ഞ തവണ ഷാഫി പറമ്പിലിന് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല.
വ്യാജ തിരിച്ചറിയൽ കാർഡ് മുതൽ കളളപ്പണ വിവാദം വരെയുളള വിഷയങ്ങള്‍ കേരളത്തിലാകെ രാഹുലിന് അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. അതെല്ലാം ഇടതിന് വോട്ടായി മാറും. ഇ ശ്രീധരന് കിട്ടിയ വോട്ടുകള്‍ ഇത്തവണ ബിജെപിക്ക് കിട്ടില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.