കലാ കേരളത്തിൻറെ അഭിമാനമായ കലാമണ്ഡലം കല്പിത സർവകലാശാലയിൽ കൂട്ട പിരിച്ചുവിടൽ നടന്നു. കലാമണ്ഡലത്തെ സമ്പൂർണ സാംസ്കാരിക സർവകലാശാലയാക്കുമെന്ന പ്രഖ്യാപനത്തിനിടയിലാണ് ഈ അപമാനകരമായ സംഭവം നടന്നത്. കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ ഒരു കൂട്ടപ്പിരിച്ചുവിടൽ. ഒരു അധ്യായന വർഷത്തിൻറെ ഇടയിൽ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്ന സംഭവവും ഇതാദ്യമാണ്.
സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അധ്യാപകരടക്കം 134 താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടാൻ വൈസ് ചാൻസലർ ഉത്തരവിറക്കി. വിവിധ തസ്തികകളിൽ ജീവനക്കാരുടെ ഒഴിവ് നികത്താത്തതുമൂലം താത്കാലിക ജീവനക്കാരെ നിയമിച്ചാണ് കലാമണ്ഡലം മുന്നോട്ടുപോകുന്നതെന്ന് പലതവണ സാംസ്കാരികവകുപ്പിനെ അറിയിച്ചിരുന്നു.
ജീവനക്കാർക്ക് ശമ്പളം നൽകാനും മറ്റും ഗ്രാന്റ് ഇൻ എയ്ഡ് സ്ഥാപനങ്ങൾ സ്വന്തം നിലയ്ക്ക് വരുമാനം കണ്ടെത്തണമെന്നു കഴിഞ്ഞമാസം ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. അതിനുശേഷം ജീവനക്കാരെ പിരിച്ചുവിടുന്ന ആദ്യ സ്ഥാപനമാണ് കലാമണ്ഡലം.
പദ്ധതിയേതര വിഹിതത്തിൽ നിന്ന് ലഭിക്കേണ്ട തുക ലഭിക്കാത്ത സാഹചര്യത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു കലാമണ്ഡലം. ശമ്പളമടക്കം പ്രതിമാസം എൺപത് ലക്ഷം രൂപയാണ് കലാമണ്ഡലത്തിന് ആവശ്യം. എന്നാൽ അമ്പത് ലക്ഷം രൂപമാത്രമാണ് കഴിഞ്ഞ മാസം സാംസ്കാരിക വകുപ്പിൽ നിന്ന് ലഭിച്ചത്. കഴിഞ്ഞ കുറെ മാസങ്ങളായി ഇതായിരുന്നു സ്ഥിതി.
140 കളരികളാണ് കലാമണ്ഡലത്തിലുള്ളത്. അറുപതിനടുത്ത് സ്ഥിരം ജീവനക്കാരും ബാക്കി താൽക്കാലിക ജീവനക്കാരും. കളരികൾ മിക്കതും താത്കാലിക ജീവനക്കാരെ ആശ്രയിച്ചുകൊണ്ടാണ് മുന്നോട്ട് പോയിരുന്നത്.
എട്ടാം ക്ലാസ് മുതൽ പിഎച്ച്ഡി വരെയുള്ള വിദ്യാർഥികളാണ് കലാമണ്ഡലത്തിൽ പഠിക്കുന്നത്. ഇവിടെ പൊതു വിദ്യാഭ്യാസം നടന്നുപോകുന്നത് പൂർണമായും താത്കാലിക അധ്യാപകരെ ആശ്രയിച്ചാണ്. എന്നാൽ പല ഡിപ്പാർട്മെന്റുകളിലും സ്ഥിരം അധ്യാപകർ ഇല്ലാതിരിക്കെയാണ് താൽക്കാലിക അധ്യാപകരെ ഒറ്റയടിക്കു പിരിച്ചുവിട്ടത്.
നിലവിൽ കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള ഒരു ഗ്രാന്റ്-ഇൻ-എയ്ഡ് സ്ഥാപനമായി കേരള കലാമണ്ഡലം പ്രവർത്തിച്ചു വരികയായിരുന്നു.