കൽപ്പറ്റ: മുണ്ടക്കൈ- ഉരുൾപൊട്ടൽ ദുരന്തത്തിൽ പുനരധിവാസം വൈകുന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച കലക്ടറേറ്റ് മാർച്ചിൽ പോലീസ് ക്രൂരമായി മർദ്ദിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരോട് ഫോണിൽ സംസാരിച്ച് വയനാട് എം.പി പ്രിയങ്ക ഗാന്ധി.
ജില്ലാ പ്രസിഡന്റ് അമൽ ജോയിയെ ഫോണിൽ വിളിച്ച പ്രിയങ്ക ഗാന്ധി പോലീസിൽ നിന്നേറ്റ പരുക്കുകളെ കുറിച്ച് ചോദിക്കുകയും യൂത്ത് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ വയനാട് ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി നടത്തുന്ന എല്ലാ പോരാട്ടങ്ങൾക്കും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. വയനാട്ടിൽ തിരിച്ചെത്തുമ്പോൾ നേരിട്ട് കാണാമെന്നും പറഞ്ഞാണ് പ്രിയങ്ക ഗാന്ധി സംഭാഷണം അവസാനിപ്പിച്ചത്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ, സംസ്ഥാന സെക്രട്ടറിയും മൂപൈനാട് മണ്ഡലം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ജഷീര്‍ പള്ളിവയല്‍, യൂത്ത് കോണ്‍ഗ്രസ് ജില്ല പ്രസിഡന്റും ജില്ല പഞ്ചായത്ത് അംഗവുമായ അമല്‍ജോയ്, സംസ്ഥാന ജനറൽ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അരുണ്‍ദേവ്, യൂത്ത് കോണ്‍ഗ്രസ് കല്പറ്റ നിയോജക മണ്ഡലം പ്രസിഡന്റ് ഹര്‍ഷല്‍ കോന്നാടന്‍ അടക്കമുള്ള അമ്പതോളം പേരെയാണ് പോലീസ് അതിക്രൂരമായി ലാത്തി ചാർജ് നടത്തിയത്.