അഞ്ജലി ഹരേഷ് : സബ് എഡിറ്റർ
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച യുആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. യു ആർ പ്രദീപ് സഗൗരവത്തിലും രാഹുൽ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.
നിയമസഭ ഹാളിൽ നടന്ന ചടങ്ങിലാണ് സത്യപ്രതിജ്ഞ നടന്നത്. നിയമസഭ സ്പീക്കര്‍ എഎൻ ഷംസീര്‍ സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പടെയുള്ള നേതാക്കളെല്ലാം പങ്കെടുത്തു.
ത്രികോണ മത്സരം അരങ്ങേറിയ പാലക്കാട് നിന്നും 18,724 ഭൂരിപക്ഷത്തിലാണ് രാഹുല്‍ വിജയിച്ചത്. ചേലക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ പരാജയപ്പെടുത്തിയാണ് യുആര്‍ പ്രദീപ് എല്‍ഡിഎഫ് കോട്ട നിലനിര്‍ത്തിയത്.