റിയാദ്: നാലാമത് റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് വ്യാഴാഴ്ച്ച ആരംഭമായി. ജിദ്ദയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോത്സവം ‘ദ ന്യൂ ഹൗസ് ഓഫ് ഫിലിം’ എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് നടക്കുന്നത്.
മേള ഈ മാസം 14 വരെ നീണ്ടുനിൽക്കും. ജിദ്ദ ബലദിലെ പുതുതായി നിര്‍മിച്ച അഞ്ച് തിയേറ്ററുകളടക്കമുള്ള വേദികളിലാണ് ചിത്രങ്ങളുടെ പ്രദർശനം. ഈജിപ്ഷ്യൻ സംവിധായകൻ കരീം അൽ ഷെനാവിയുടെ ‘ദ ടെയ്ല് ഓഫ് ഡെയ്സ് ഫാമിലി’ എന്ന സിനിമയായിരുന്നു ഉദ്ഘാടന ചിത്രം.
48 ലോക പ്രീമിയറുകൾ, 66 അറബ് സിനിമകൾ, 34 സൗദി സിനിമകൾ, 54 ഷോർട്ട് ഫിലിമുകൾ, 63 ഫീച്ചർ ഫിലിമുകൾ എന്നിവയുൾപ്പെടെ 81 രാജ്യങ്ങളിൽ നിന്നുള്ള 120 ചിത്രങ്ങൾ ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.
അമേരിക്കന്‍ നടന് നിക്കോളാസ് കേജ്, ഇന്ത്യൻ നടൻ ആമിർഖാൻ എന്നിവരുമായുള്ള സംവാദമായിരുന്നു ഉദ്ഘാടന ദിനത്തിലെ ഒരു പ്രധാന പരിപാടി. ആമിർഖാന് പുറമെ ഇന്ത്യയിൽ നിന്നും കരീന കപൂർ, പ്രിയങ്ക ചോപ്ര, നിക്ക് ജൊനാസ് , ശ്രദ്ധ കപൂർ എന്നിവർ ചലച്ചിത്രോത്സവത്തിലെ വിവിധ സെഷനുകളുടെ ഭാഗമാകും.