ലോക ചെസ് ചാമ്പ്യൻഷിപ്പിലെ പതിനൊന്നാം മത്സരത്തിൽ ഇന്ത്യയുടെ ഡി ഗുകേഷിന് ജയം. ഇന്ന് വെള്ള കരുക്കളുമായി കളിച്ച ഗുകേഷ് നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ 29 നീക്കത്തിൽ അടിയറവ് പറയിച്ചു. ഇതോടെ ആറ് പോയിൻ്റുമായി ഗുകേഷ് മുന്നിലെത്തി. ലിറന് അഞ്ച് പോയിൻ്റ് ആണ് ഉള്ളത്. ഇതാദ്യമായാണ് ടൂർണമെൻ്റിൽ ഗുകേഷ് മുന്നിലെത്തുന്നത്.
14 മത്സരങ്ങളുടെ ക്ലാസിക് റൗണ്ടിൽ ആദ്യം 7.5 പോയിൻ്റ് നേടുന്നയാൾ ജേതാവാകും. ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ സമനില പിടിച്ചാൽ ഗുകേഷിന് ലോക ചെസ് ചാമ്പ്യൻ ആകാം. എന്നാൽ ലിറന് രണ്ട് മത്സരങ്ങൾ ജയിക്കുകയും ഒന്ന് സമനിലയിൽ ആക്കുകയും ചെയ്താൽ മാത്രമേ കിരീടം നിലനിർത്താൻ കഴിയൂ.
നേരത്തെ ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരം ലിറനും മൂന്നാം മത്സരം ഗുകേഷും ജയിച്ചിരുന്നു. എന്നാൽ പിന്നീട് നടന്ന ഏഴ് മത്സരവും സമനിലയിൽ അവസാനിച്ചു. കിരീടം നേടിയാൽ ലോകചെസ് ചാമ്പ്യൻ ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നേട്ടം ഗുകേഷിന് സ്വന്തമാകും.