വൈദ്യുതി ബോർഡിന്റെ ധൂർത്തിനും കെടുകാര്യസ്ഥതയ്ക്കും ജനങ്ങൾ പാപഭാരം ചുമയ്ക്കേണ്ട സ്ഥിതിയാണിപ്പോൾ. നഷ്ട കണക്കുകൾ എണ്ണിയെണ്ണി പറഞ്ഞ് കഴിഞ്ഞ ദിവസമാണ് വൈദ്യുതി ചാർജ് വർധനവ് വരുത്തിയത്. ഇപ്പോൾ നടപ്പാക്കുന്ന വർധനവിന് പുറമെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വർധനവ് കൂടി ഇതിനൊപ്പം പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടി ഇതിനൊപ്പം പ്രഖ്യാപിച്ചിരിക്കുകയാണ്. യൂണിറ്റിനു വരുത്തിയ വർധനയ്ക്കു പുറമേ ഫിക്സഡ് ചാർജും കൂട്ടിയിട്ടുണ്ട്. കൃഷിയാവശ്യത്തിനുള്ള വൈദ്യുതിയുടെ നിരക്കും ഉയർത്തിയിട്ടുണ്ട്. ഒരു വർധനവ് എന്നതിന് അപ്പുറത്തേക്ക് കൊള്ള തന്നെയാണ് ഇവിടെ നടക്കുന്നതെന്ന് പറയാം. 2016ൽ ഇടതു സർക്കാർ അധികാരമേറ്റതിനു ശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുതി നിരക്കു വർധിപ്പിക്കുന്നത്. 2017, 2019, 2022, 2023 വർഷങ്ങളിലും താരിഫ് പരിഷ്കരിച്ചിരുന്നു. നാട്ടിൽ സർവ സാധനങ്ങൾക്കും വിലക്കയറ്റമാണ്. ഇതു ജനജീവിതം ഇപ്പോൾ തന്നെ ദുസഹമാക്കുന്നുണ്ട്. അതിനു പുറമേയാണു വീണ്ടും ചാർജ് വർധനകൾ ജനങ്ങളുടെ തലയിൽ കെട്ടിവയ്ക്കുന്നത്. നിലവിൽ വൈദ്യുതി ബോർഡ് ഈടാക്കിയിരുന്നതു തന്നെ കനത്ത ചാർജാണ്.
രാജ്യത്തു തന്നെ ഏറ്റവും ഉയർന്ന വൈദ്യുതി നിരക്കുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണ് കേരളത്തിന്റെ സ്ഥാനം. അതുപോരാതെയാണ് പിന്നെയും പിന്നെയും കൂട്ടിക്കൊണ്ടിരിക്കുന്നത്. 2024-25 വർഷത്തേക്ക് യൂണിറ്റിന് 37 പൈസയുടെ വർധനയാണത്രേ കെഎസ്ഇബി ആവശ്യപ്പെട്ടത്. അടുത്ത സാമ്പത്തിക വർഷത്തേക്ക് 27 പൈസയുടെ വർധനയും ആവശ്യപ്പെട്ടു. പക്ഷേ, റഗുലേറ്ററി കമ്മിഷൻ അനുവദിച്ചത് ഈ വർഷം 16 പൈസയുടെയും അടുത്ത വർഷം 12 പൈസയുടെയും വർധനയാണ്. ഇതു ചെറിയ വർധന മാത്രമാണെന്നും സാധാരണക്കാരുടെ കുടുംബ ബജറ്റുകളെ ബാധിക്കില്ലെന്നുമൊക്കെ അധികൃതർ അവകാശപ്പെടുന്നുണ്ട്. എന്നാൽ, വാസ്തവം അതല്ല. ഏതു വർധനയും ജനങ്ങളെ ബാധിക്കുമെന്ന് നിസംശയം പറയാം. അങ്ങനെ വരുമ്പോൾ അടിസ്ഥാന ആവശ്യങ്ങളിൽ പെട്ട വൈദ്യുതിയുടെ നിരക്ക് വർദ്ധിക്കുന്നത് എത്രത്തോളം ബാധിക്കുമെന്നത് ചിന്തിക്കാവുന്നതേ ഉള്ളല്ലോ. ആഭ്യന്തര ഉത്പാദനത്തിലെ കുറവ്, പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിലെ ചെലവിലുണ്ടായ വർധന, വർധിച്ചു വരുന്ന പ്രവർത്തന, പരിപാലന ചെലവുകൾ എന്നിങ്ങനെ നിരക്കു വർധിപ്പിക്കാൻ പല കാരണങ്ങളാണ് കെഎസ്ഇബി മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ ഇതൊന്നും സാധാരണക്കാരന്റെ പിഴവുകൾ കൊണ്ട് ഉണ്ടായതല്ലല്ലോ. ആഭ്യന്തര ഉത്പാദനം മെച്ചപ്പെടുത്താൻ കഴിയാത്തത് സർക്കാർ സംവിധാനങ്ങളുടെ പാളിച്ചയാണ്. അതിന്റെ ഭാരം പൊതുജനം ചുമക്കേണ്ട കാര്യമില്ലല്ലോ. വൈദ്യുതി ചാർജ് വർദ്ധനവിന്റെ കാരണമായി പിന്നീട് പറയുന്നത് ചെലവിൽ ഉണ്ടായ വർദ്ധനവാണ്. എന്നാൽ ചെലവു വർധിക്കുന്നതിലെ പ്രധാന ഘടകം വൈദ്യുതി ബോർഡിന്റെ കെടുകാര്യസ്ഥതയാണ്.
യൂണിറ്റ് നിരക്ക്, സർച്ചാർജ്, ഫിക്സഡ് ചാർജ് തുടങ്ങി പല രൂപങ്ങളിലുള്ള ചാർജ് വർധനകൾ വഴി ജനങ്ങളെ കൊള്ളയടിച്ചിട്ടും വൈദ്യുതി ബോർഡിനും സർക്കാരിനും പറയാനുള്ളത് നഷ്ടങ്ങളുടെ കണക്കു മാത്രമാണ്. എന്നാണാവോ ഈ നഷ്ട കണക്ക് പറച്ചിൽ തീരുക. നിലവിലെ വർധനവ് പ്രകാരം 250 യൂണിറ്റ് ഉപയോഗിക്കുന്ന സാധാരണക്കാരന് 50 രൂപയോളം കൂടുതല്‍ നല്‍കേണ്ടി വരും. മാര്‍ച്ച് മാസം കഴിഞ്ഞാല്‍ ഇത് നൂറു രൂപയില്‍ കൂടുതലാകും. ജനങ്ങള്‍ക്ക് താങ്ങാന്‍ പറ്റാത്ത രീതിയിലേക്ക് വൈദ്യുതി ചാര്‍ജ്ജ് കൂടുകയാണ്. മാര്‍ച്ച് ആകുമ്പോഴേക്കും ഡെപ്പോസിറ്റ് ഉള്‍പ്പെടെയുള്ള ചാര്‍ജുകളും വര്‍ധിക്കുന്നതോട് കൂടുതല്‍ ബാധ്യതയുണ്ടാകും. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 25 വര്‍ഷത്തേക്ക് ഒരു യൂണിറ്റ് വൈദ്യുതി 4 രൂപ 29 പൈസയ്ക്ക് വാങ്ങാന്‍ കരാറുണ്ടാക്കി. ഏഴ് വര്‍ഷത്തോളം കരാര്‍ പ്രകാരം വൈദ്യുതി വാങ്ങി. രണ്ടു വര്‍ഷം മുന്‍പ് ഈ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കി. അതിനു ശേഷം 4 രൂപ 29 പൈസക്ക് വാങ്ങിയിരുന്ന വൈദ്യുതി ആറു മുതല്‍ 12 രൂപ വരെ നല്‍കിയാണ് വാങ്ങിയത്. ഒരു ദിവസം ഇതിലൂടെ 15 മുതല്‍ 20 കോടി രൂപ വരെയാണ് ബോര്‍ഡിന് നഷ്ടമുണ്ടായത്. ഇത് ബോർഡിനെ പ്രതിസന്ധിയിലാക്കിയ കാരണങ്ങളിൽ ഒന്നാണ്. നഷ്ടം നികത്താൻ വൈദ്യുതി ബോര്‍ഡില്‍ നടപ്പാക്കിയ പദ്ധകളൊക്കെ അതിലും വലിയ നഷ്ടത്തിലേക്കാണ് ബോർഡിനെ എത്തിച്ചത്. ഇതിന്റെയൊക്കെ പാപഭാരം ചുമക്കേണ്ടി വരുന്നത് സാധാരണക്കാരാണ്. വൈദ്യുതി ചാർജ് കൂട്ടിയതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനും വൈദ്യുതി ബോര്‍ഡിനുമാണ്. അതുകൊണ്ടുതന്നെ ജനങ്ങളെ വീണ്ടും ഷോക്കടിപ്പിക്കുന്ന ചാർജ് വര്‍ധന പിൻവലിക്കണമെന്നാണ് എല്ലാ കോണുകളിൽ നിന്നും ഉയരുന്ന ആവശ്യം.