സിറിയയിൽ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ 75 ഇന്ത്യക്കാരെ സിറിയയിൽ നിന്ന് ഒഴിപ്പിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. എല്ലാ ഇന്ത്യക്കാരും സുരക്ഷിതമായി ലെബനനിലേക്ക് കടന്നിട്ടുണ്ടെന്നും ലഭ്യമായ വിമാനങ്ങളിൽ ഇന്ത്യയിലേക്ക് മടങ്ങുമെന്നും സർക്കാർ അറിയിച്ചു.
ദമാസ്കസിലെയും ബെയ്റൂട്ടിലെയും ഇന്ത്യൻ എംബസികൾ ഏകോപിപ്പിച്ചാണ് ഇന്ത്യൻ പൗരന്മാരെ സിറിയയിൽ നിന്ന് ഒഴിപ്പിച്ചത്. നിലവിൽ സിറിയയിൽ അവശേഷിക്കുന്ന ഇന്ത്യൻ പൗരന്മാരോട് ദമാസ്കസിലെ ഇന്ത്യൻ എംബസിയുമായി സമ്പർക്കം പുലർത്തണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.
ഇന്ത്യൻ പൗരന്മാർ ദമാസ്കസിലെ ഇന്ത്യൻ എംബസിയുമായി +963 993385973 എന്ന ഹെൽപ്പ്ലൈൻ നമ്പറിലോ, hoc.damascus@mea.gov.in എന്ന ഇമെയിൽ ഐഡിയിലോ ബന്ധപ്പെടാം.
തീവ്രവാദ സംഘടനയായ ഹയാത് തഹ്രീര്‍ അല്‍ ഷാം തലസ്ഥാനമായ ദമാസ്കസും മറ്റ് നിരവധി നഗരങ്ങളും പട്ടണങ്ങളും പിടിച്ചെടുത്തു. ഇതോടെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് രാജ്യം വിട്ടു. റഷ്യ ബാഷര്‍ അല്‍-അസദിനും കുടുംബത്തിനും അഭയം നല്കി. മാനുഷിക പരിഗണനയിലാണ് റഷ്യ അസദിനും കുടുംബത്തിനും അഭയം നല്‍കിയതെന്ന് റഷ്യന്‍ മാധ്യമങ്ങൾ വ്യക്തമാക്കുന്നത്.