ന്യൂയോര്‍ക്ക്: സ്റ്റാര്‍ബക്സിലെ ജീവനക്കാരുടെ സമരം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. സ്റ്റാര്‍ബക്സും യൂണിയന് പ്രതിനിധികളും തമ്മിലുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് പണിമുടക്ക്. വേതന വര്‍ധന ഉള്‍പ്പടെ ഉന്നയിച്ചാണ് സമരം.
ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ, സിയാറ്റില്‍ എന്നിവിടങ്ങളിലാണ് ആദ്യം സമരം തുടങ്ങിയത്. പിന്നീട് ന്യൂജഴ്സി, ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, സെന്റ് ലൂയിസ്, ബോസ്റ്റണ്‍, മസാച്യുസെറ്റ്സ്, ഡാളസ്, ടെക്സസ്, പോര്‍ട്ട്ലാന്‍ഡ്, ഒറിഗോണ്‍ എന്നിവിടങ്ങളിലേക്ക് സമരം കടുക്കുകയായിരുന്നു.
സ്റ്റാര്‍ബക്സും യൂണിയനും തമ്മിലുള്ള ചര്‍ച്ചകള്‍ ഏപ്രിലില്‍ തുടങ്ങിയതാണ്. കമ്പനി അടുത്തിടെ എട്ട് തവണ ചര്‍ച്ച നടത്തി. 30 ആവശ്യങ്ങളില്‍ സമവായമായെങ്കിലും വേതന വര്‍ധന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ തീരുമാനമായില്ല.
അമേരിക്കയില്‍ മാത്രം 11,000-ലധികം ഔട്ട്ലെറ്റുകളിലായി ഏകദേശം 2,00,000 ജീവനക്കാരുമുണ്ട്. ഞായറാഴ്ച 50ലേറെ കടകള്‍ പൂര്‍ണമായി അടഞ്ഞുകിടന്നു എന്നാണ് റിപ്പോര്‍ട്ട്.