കൊച്ചി: ഇനി മുതൽ സ്ഥിരം സ്ഥാനാർത്ഥികൾ വേണ്ടെന്ന നിലപാടാണ് കോൺഗ്രസ് ദേശീയ നേതൃത്വം. കാലകാലങ്ങളായി മത്സരിക്കുന്ന സ്ഥിരം സ്ഥാനാർത്ഥികൾ ചുരുങ്ങിയത് 30 സീറ്റുകളിൽ എങ്കിലും പാർട്ടിയുടെ അഡ്രസ്സ് പോലും ഇല്ലാതാക്കിയ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തൽ. ജനങ്ങൾക്ക് ഒട്ടും സ്വീകാര്യത ഇല്ലാത്തവരും ഗ്രൂപ്പിന്റെയും ഗോത്രത്തിന്റെയും പേരിൽ സ്ഥാനാർഥികളായി മാറുന്നു. പലർക്കും പരാജയം ഉറപ്പാണെങ്കിലും തെരഞ്ഞെടുപ്പ് സമയത്തെ ചില ലാഭങ്ങളിലാണ് നോട്ടം. ജനസമ്മതി തീരെ കുറവായിട്ടും സ്ഥാനാർത്ഥി കുപ്പായം ലഭിക്കുന്നതിൽ പ്രമുഖ നേതാക്കളുടെ പ്രീതിയും അവർക്ക് അനുകൂലമാകുന്നുണ്ട്. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും ചുരുങ്ങിയത് രണ്ടുമൂന്നു സീറ്റുകളിൽ എങ്കിലും ഇത്തരത്തിലുള്ള സ്ഥിരം സ്ഥാനാർത്ഥികൾ കെട്ടിയിറക്കപ്പെടാറുണ്ട്. തെരഞ്ഞെടുപ്പ് വേളയിൽ മാത്രമാണ് ഇവരെ പലരും കാണാറുപോലുമുള്ളത്. അല്ലാത്തപ്പോഴൊക്കെ ജനങ്ങളിൽ നിന്നും പ്രവർത്തകരിൽ നിന്നും അകന്നു നിൽക്കുന്ന ഇത്തരം സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം വരുന്നതിൽ പ്രവർത്തകർക്കും വലിയ തോതിലുള്ള അമർഷം ഉണ്ടായിരുന്നു.
ഇത് തിരിച്ചറിഞ്ഞതാണ് ദേശീയ നേതൃത്വം പുതിയ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഒരു നിലപാടിലേക്ക് കടക്കുന്നതിന് മുമ്പ് സംസ്ഥാനത്ത് ഒരു സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ച് സർവ്വേകൾ നടത്തിയതായും അറിയുന്നു. കഴിവ് പ്രാപ്തിയും ഉള്ള നിരവധി ചെറുപ്പക്കാരും സ്ത്രീകളും പുതുമുഖങ്ങളും നിൽക്കുമ്പോഴാണ് സ്ഥിരം സ്ഥാനാർത്ഥികൾ തോൽക്കുവാൻ വേണ്ടി മത്സരിക്കുന്നത്. മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരെ വരുന്ന തെരഞ്ഞെടുപ്പിൽ ഒഴിവാക്കുവാൻ ആണ് ദേശീയ നേതൃത്വത്തിന്റെ ഈ നീക്കം. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ നിലവിലെ എംഎൽഎ സി ആർ മഹേഷിന്റെ വിജയത്തെ മാതൃക ആക്കണമെന്നാണ് ദേശീയ നേതൃത്വം പറയുന്നത്. ആദ്യതവണ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മഹേഷ് പിന്നീട് മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു. മുഴുവൻ സമയവും മണ്ഡലത്തിലെ ജനങ്ങൾക്കൊപ്പം അദ്ദേഹം നിലകൊണ്ടു. അത്തരത്തിലുള്ള പ്രവർത്തനം അടുത്ത തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിക്കുന്നതിലേക്ക് വഴിവെച്ചു. സംസ്ഥാനത്തു തന്നെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിൽ വിജയിച്ച കോൺഗ്രസ് എംഎൽഎമാരിൽ ഒരാളായിരുന്നു മഹേഷ്.
ഒരു മണ്ഡലത്തിൽ തുടർച്ചയായി മൂന്നുതവണ മത്സരിച്ചവർ മാറിനിൽക്കണമെന്ന വാശി ദേശീയ നേതൃത്വം സ്വീകരിച്ചാൽ ചില മുതിർന്ന നേതാക്കൾക്ക് ഇളവ് ലഭിച്ചേക്കാം. അതായത് രമേശ് ചെന്നിത്തലയെപ്പോലെയും വി ഡി സതീശനെ പോലെയും ചിലർക്ക്. അതല്ലാത്തവർ എല്ലാവരും പെടാനാണ് സാധ്യത. ഒരുപക്ഷേ യുഡിഎഫ് കൺവീനർ എം എം ഹസ്സൻ ഉൾപ്പെടെ പ്രമുഖ നേതാക്കളും ഈ കൂട്ടത്തിൽ പെട്ടേക്കാം. സ്ഥിരം പരാജിത സ്ഥാനാർത്ഥികൾ പിൻവാങ്ങുന്നതോടെ അവിടെയെല്ലാം പുതിയ പരീക്ഷണങ്ങൾക്ക് ആകും കോൺഗ്രസ് ഒരുങ്ങുക. പരമാവധി യൂത്ത്കോൺഗ്രസ് കെ എസ് യു നേതാക്കളെയും സ്ഥാനാർത്ഥി ലിസ്റ്റിൽ കണ്ടാലും അത്ഭുതപ്പെടാനില്ല. അപ്പോഴും നേതൃത്വത്തിന് ചില ആശങ്കകൾ ഉണ്ട്. കാലങ്ങളോളം എംപിയും എംഎൽഎയും കേന്ദ്രമന്ത്രിയും ആയിട്ടും ഒരുതവണ സീറ്റ് ലഭിക്കാത്തതിന്റെ പേരിലാണ് കെ വി തോമസ് കോൺഗ്രസ് വിടുന്നത്. അത്തരത്തിൽ ആരെങ്കിലും നിലവിലെ സാഹചര്യത്തിൽ പാർട്ടി വിട്ടാൽ അതുണ്ടാക്കുന്ന ക്ഷീണവും ചെറുതല്ലെന്ന നേതൃത്വത്തിനറിയാം. അതുകൊണ്ടുതന്നെ ജാഗ്രതയോടെയാണ് നേതൃത്വം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്.