കോൺഗ്രസും റിപ്പോർട്ടർ ചാനലും തമ്മിലുള്ള തർക്കങ്ങൾ ഒരുമാസം പിന്നിടുകയാണ്. ചാനൽ ആരംഭിച്ചത് മുതൽക്കേ കോൺഗ്രസ് പാർട്ടിയുമായി വിവിധ വിഷയങ്ങളിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നുവെങ്കിലും രൂക്ഷമാകുന്നത് പാലക്കാട് ഉപതെരഞ്ഞെടുപ്പ് വേളയിൽ ആയിരുന്നു. ഇതോടെ ചാനൽ ബഹിഷ്കരണത്തിലേക്ക് കോൺഗ്രസ് നേതൃത്വം കടക്കുകയായിരുന്നു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉൾപ്പെടെയുള്ളവർ സാമൂഹ്യ മാധ്യമങ്ങളിൽ ചാനലിനെതിരെ രൂക്ഷമായി തുറന്നടിച്ചു. കോൺഗ്രസിന്റെ പ്രതിനിധികൾ ചാനലിന്റെ രാത്രി ചർച്ചകളിൽ പങ്കെടുത്തിട്ട് ഒരുമാസം പിന്നിടുകയാണ്. മുമ്പും ഒരിക്കൽ സമാനമായ രീതിയിൽ കോൺഗ്രസ് റിപ്പോർട്ടർ ചാനൽ ബഹിഷ്കരിച്ചിരുന്നു.
അന്ന് ചാനൽ പ്രതിനിധികൾ ക്ഷമാപണം പറഞ്ഞ ശേഷം ആയിരുന്നു പ്രശ്നങ്ങൾ അവസാനിച്ചത്. എന്നാൽ ഇന്ന് വിട്ടുവീഴ്ചകൾക്ക് തയ്യാറാകാതെ ഇരുകൂട്ടർക്കും ഇടയിൽ തർക്കം രൂക്ഷമായി തന്നെ തുടരുകയാണ്. കഴിഞ്ഞദിവസം കാസർകോട് ജില്ലയിലെ പെരിയയിൽ കൊല്ലപ്പെട്ട യൂത്ത്കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതക കേസിലെ വിധി വന്ന ദിവസമായിരുന്നു. മറ്റെല്ലാ ചാനലുകളും സിപിഎമ്മിന്റെ അരുംകൊല രാഷ്ട്രീയത്തെ തുറന്നുകാട്ടി സജീവമായപ്പോൾ റിപ്പോർട്ടർ ചാനൽ ചെയ്തത് വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യയ്ക്ക് പിന്നിലെ പിന്നാമ്പുറ കഥകൾ ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു. കോൺഗ്രസ്സാണ് നേതാവിന്റെയും മകന്റെയും മരണത്തിന് കാരണമെന്ന് ആധികാരികമായി റിപ്പോർട്ടർ പറയുകയായിരുന്നു.
അന്തരീക്ഷത്തിൽനിന്ന് അത് ഉറപ്പിക്കുന്നതിന് അവരുടേതായ തെളിവുകളും അന്വേഷണവും എല്ലാം അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. റിപ്പോർട്ടറിൽ റിപ്പോർട്ടറായി ജോലി ചെയ്യുന്ന സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മരുമകൾ കോൺഗ്രസിനെതിരായ കഥകൾ സമയമെടുത്ത് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. അതിനൊത്ത് അരുൺകുമാർ തന്റെ ഭാവനയിൽ നിന്നുള്ള നിഗമനങ്ങളും നടത്തുന്നുണ്ട്. രണ്ട് ചെറുപ്പക്കാരെ അരുംകൊല ചെയ്തതിന്റെ വിധി പുറത്തുവന്ന അതേ ദിവസം ഇത്തരമൊരു വാർത്ത ഉയർത്തിക്കൊണ്ടുവന്ന് അതിന് പിന്നാലെ പോയെങ്കിൽ അത് നിഗൂഢം തന്നെയെന്ന് സംശയം പറയാം. ആത്മഹത്യ ആസൂത്രണം ചെയ്തുള്ള കൊലപാതകം പോലെയാണ് അവതാരകൻമാരും റിപ്പോർട്ടർമാരും അവതരിപ്പിക്കുന്നത്.
കഴിഞ്ഞദിവസം മുഴുനീളെ ചാനലിൽ കണ്ടതും പറഞ്ഞതും എല്ലാം ഇതേ വിഷയവുമാണ്. ഇതേ സമയത്താണ് കായംകുളം എംഎൽഎ പ്രതിഭയുടെ മകൻ കഞ്ചാവുമായി പിടിയിലായ വാർത്ത മറ്റു മാധ്യമങ്ങളിൽ നിറയുന്നത്. എന്നാൽ റിപ്പോർട്ടറിൽ മാത്രം എംഎൽഎയുടെ പ്രസ്താവന മാത്രമാണ് വന്നത്. എംഎൽഎ തന്നെ വിഷയം അറിഞ്ഞ് റിപ്പോർട്ടർ ചാനൽ മാത്രമാണ് തന്നെ വിളിച്ചതെന്ന് വെളിപ്പെടുത്തുന്നുണ്ട്. കഞ്ചാവ് ഉപയോഗം പോലെ ഒരു ഒരു വിഷയം പുറം ലോകത്തേക്ക് വന്നപ്പോൾ എക്സൈസ് ഓഫീസിലേക്ക് പോലും വിളിക്കാതെ എംഎൽഎയെ വിളിച്ച റിപ്പോർട്ടറിന്റെ താല്പര്യ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
കോൺഗ്രസ് ബഹിഷ്കരണം പ്രഖ്യാപിച്ചതിന് പിന്നാലെ സിപിഎമ്മിന്റെ പോഷക സംഘടന പോലെയാണ് ഇപ്പോഴത്തെ ചാനലിന്റെ പ്രവർത്തനം. അതായത് ബഹിഷ്കരണത്തിനു ശേഷം കോൺഗ്രസുകാർ ചാനൽ കാണാതെ ആയതോടെ പ്രേക്ഷകരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. ഇതോടെ മറ്റു പ്രേക്ഷകരെ തങ്ങളിലേക്ക് എത്തിക്കുവാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. കഴിഞ്ഞ ആഴ്ചയിലെ ചാനൽ റേറ്റിംഗിൽ ചാനലിനെ ഇടവ് സംഭവിച്ചിരുന്നു.മാനേജ്മെന്റ് നിരന്തരം വിവാദങ്ങളില്‍ പെടുന്നതും അവര്‍ ഉള്‍പ്പെട്ട കേസുകളും ചാനലിന്റെ വിശ്വാസ്യതക്ക് ഭീഷണി ഉയര്‍ത്തുകയായിരുന്നു.
ഏറ്റവും ഒടുവിൽ കോൺഗ്രസ് തുടരുന്ന ബഹിഷ്കരണവും ചാനലിന് വിനയായി മാറി. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റിപ്പോർട്ടിംഗ് ആയിരുന്നു കോൺഗ്രസിനെ ചാനൽ ബഹിഷ്കരണത്തിലേക്ക് നയിച്ചത്. എസ്ഡിപിഐ പിന്തുണ ഉണ്ടെങ്കിൽ മാത്രമേ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിന് വിജയിക്കുവാൻ കഴിയൂ എന്ന തരത്തിൽ ചാനൽ പ്രതിനിധി റോഷി പാൽ നടത്തിയ റിപ്പോർട്ടിംഗ് ആണ് കോൺഗ്രസിനെ പ്രകോപിപ്പിച്ചത്. ചാനൽ പ്രതിനിധിയുടെ റിപ്പോർട്ടിങ്ങിനെ മാനേജ്മെന്റ് കൂടി അനുകൂലിച്ചപ്പോൾ കോൺഗ്രസും നിലപാട് കടുപ്പിക്കുകയായിരുന്നു. ഇതിനിടയിൽ ചാനൽ പ്രതിനിധിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ പ്രതികരിച്ച കോൺഗ്രസ് സൈബർ പോരാളികൾക്കെതിരെ മാനേജ്മെന്റ് നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ഇതോടെയാണ് പ്രശ്നങ്ങൾ സങ്കീർണ്ണമായത്. അപ്പോഴും രണ്ടാം സ്ഥാനത്ത് തുടരാൻ കഴിയുന്നത് റിപ്പോർട്ട് ചാനലിന് ആശ്വാസമാണ്. ലക്ഷക്കണക്കിന് കേബിള്‍ വരിക്കാരുളള കേരളാ വിഷന്റെ കേബിള്‍ കണക്ഷനുളളവര്‍ ടെലിവിഷന്‍ സെറ്റ് ഓണ്‍ ചെയ്യുമ്പോള്‍ ആദ്യം വരുന്നത് റിപോര്‍ട്ടര്‍ ടിവിയാണ്. ഇത് റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്തു തന്നെ തുടരുവാൻ റിപ്പോർട്ടറിനെ സഹായിച്ചിട്ടുണ്ട്. കേബിള്‍ ടിവി തുറക്കുമ്പോള്‍ തന്നെ വരുന്ന ചാനലില്‍ കുറഞ്ഞത് 1 മിനിറ്റെങ്കിലും ഓരോ പ്രേക്ഷകനും ചെലവഴിക്കും. ഇതാണ് ലാന്‍ഡിങ്ങ് പേജ് എടുക്കുന്ന ചാനലിന് മിനിമം 15 പോയിന്റ് എങ്കിലും അധികമായി ലഭിക്കാന്‍ കാരണമാകുന്നത്. അഞ്ചര കോടി രൂപ ചെലവഴിച്ചാണ് റിപോര്‍ട്ടര്‍ ടി.വി കേരളാ വിഷന്റെ ലാന്‍ഡിങ്ങ് പേജ് കരസ്ഥമാക്കിയത്. അതേസമയം ബഹിഷ്കരണം നീട്ടിക്കൊണ്ടുപോകുന്നത് ഇരുകൂട്ടർക്കും ഗുണമെല്ലെന്നാണ് പാർട്ടിയിലെയും ചാനലിലെയും ചിലർ വ്യക്തമാക്കുന്നത്. അതുകൊണ്ടുതന്നെ ചിലർ ഇടപെട്ട് ഒത്തുതീർപ്പാക്കുന്നതിന് ആയിട്ടുള്ള ചർച്ചകൾ ആരംഭിച്ചതായും അറിയുന്നു.