തൃശൂര്‍: പ്രമുഖ സസ്യശാസ്ത്രജ്ഞനും പത്മശ്രീ ജേതാവുമായ ഡോ. കെ എസ് മണിലാല്‍ (86) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെനാളായി അസുഖബാധിതനായി ചികത്സയിലായിരുന്നു. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ‘ഹോര്‍ത്തൂസ് മലബാറിക്കൂസ്’ എന്ന പ്രാചീന ലാറ്റിന്‍ഗ്രന്ഥം, അമ്പതാണ്ട് കാലത്തെ ഗവേഷണം പ്രവർത്തനം വഴി ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമായി എത്തിച്ച ഗവേഷകനാണ് ഡോ. കെ എസ് മണിലാല്‍.
കാലിക്കറ്റ് സർവകലാശാലയിലെ എമറിറ്റസ് പ്രൊഫസറും സസ്യശാസ്ത്ര പണ്ഡിതനും ടാക്സോണമിസ്റ്റുമായിരുന്ന അദ്ദേഹം തൻ്റെ ജീവിതത്തിൻ്റെ 35 വർഷത്തിലേറെ ഗവേഷണത്തിനായി നീക്കിവച്ചു. 2020 ജനുവരിയിൽ, സയൻസ്, എഞ്ചിനീയറിംഗ് മേഖലകളിലെ സംഭാവനകൾക്ക് മണിലാലിന് ഇന്ത്യയിലെ നാലാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മശ്രീ അവാർഡ് ലഭിച്ചു. രചയിതാവ്, സഹ-രചയിതാവ് എന്നീ നിലകളിൽ മണിലാലിന് 198-ലധികം ഗവേഷണ പ്രബന്ധങ്ങളും 15 പുസ്തകങ്ങളും ഉണ്ട്. കോഴിക്കോട്ടെയും സൈലന്റ് വാലിയിലെയും സസ്യവൈവിധ്യത്തെക്കുറിച്ച് മണിലാലിന്റെ നേതൃത്വത്തില്‍ നടന്ന വര്‍ഷങ്ങള്‍ നീണ്ട പഠനങ്ങളും പ്രസിദ്ധമാണ്.
സംസ്കാരം ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് തൃശൂരിലെ വടൂക്കര ശ്രീനാരായണ സമാജം ശ്മശാനത്തില്‍ നടക്കും. ഭാര്യ: ജ്യോത്സ്ന. മകൾ: അനിത. മരുമകൻ: കെ.പി.പ്രീതന്‍