ചേര്‍ത്തല: സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണത്തിൽ ഒരു മരണം. തെരുവുനായ കടിയേറ്റ വയോധികയാണ് പേവിഷബാധയെ തുടർന്ന് മരിച്ചത്. കടക്കരപ്പള്ളി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ വടക്കേ കണ്ടത്തില്‍ ലളിത (63)യാണ് മരിച്ചത്.ഒരാഴ്ച മുമ്പ് വീട്ടുമുറ്റത്ത് നിന്നും മീന്‍ വെട്ടിക്കൊണ്ടിരിക്കുമ്പോള്‍ തെരുവുനായയുടെ കടിയേല്‍ക്കുകയായിരുന്നു. ചെറിയ പട്ടിയായതിനാല്‍ പരിക്ക് നിസ്സാരമായി കണ്ട് തുടര്‍ ചികിത്സകള്‍ നടത്തിയില്ല.
വ്യാഴാഴ്ച പേവിഷബാധയുടെ രോഗലക്ഷണങ്ങള്‍ കാണിച്ചതോടെ തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലും ചികിത്സ തേടിയെങ്കിലും വെളളിയാഴ്ചയോടെ മരണം സംഭവിച്ചു. സംഭവത്തെ തുടർന്ന് ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നവര്‍ക്ക് പേവിഷ പ്രതിരോധ വാക്സിന് നല്കി. ഇവര്‍ നിരീക്ഷണത്തിലാണ്. ആക്രമിച്ച തെരുവുനായയെ കണ്ടെത്താന്‍ കഴിയാത്തതിനാൽ പ്രദേശത്തെ നാല്പതോളം തെരുവുപട്ടികള്‍ക്കു പേവിഷ പ്രതിരോധ കുത്തിവെപ്പെടുത്തു.