ന്യൂഡൽഹി: 18 വയസ്സിനു താഴെയുള്ളവർക്ക് സമൂഹമാധ്യമങ്ങളടക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ അക്കൗണ്ടുകൾ സൃഷ്ടിക്കാൻ മാതാപിതാക്കളുടെയോ രക്ഷിതാക്കളുടെയോ അനുമതി ആവശ്യമാണെന്ന് കരട് ഡിജിറ്റൽ വ്യക്തിവിവര സംരക്ഷണ ചട്ടം (ഡിപിഡിപി റൂൾസ്) നിർദേശിക്കുന്നു. 2023 ഓഗസ്റ്റിൽ വിവരസുരക്ഷാ നിയമം പാസാക്കിയെങ്കിലും അത് ഇതുവരെയായിട്ടും പ്രാബല്യത്തിൽ വന്നിട്ടില്ല. ഫെബ്രുവരി 18 വരെ പൊതുജനാഭിപ്രായം തേടിയ ശേഷമാകും ചട്ടം അന്തിമമാക്കുക.
കുട്ടികളുടെ വ്യക്തിവിവരങ്ങൾ വിദ്യാഭ്യാസ, മെഡിക്കൽ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് കരട് ചട്ടം ഇളവ് നൽകുന്നു. രക്ഷിതാവിന്റെ പ്രായം സർക്കാർ രേഖകളിലൂടെയോ ഡിജിലോക്കർ ഉപയോഗിച്ചോ സാമൂഹികമാധ്യമങ്ങൾ സ്ഥിരീകരിക്കണമെന്ന് നിർദേശിക്കുന്നു. നിലവിൽ ഫേസ്ബുക്ക് പോലുള്ള പ്ലാറ്റ്ഫോമുകളിൽ 13 വയസ്സിനു മുകളിലുള്ളവർക്ക് സ്വതന്ത്രമായി അക്കൗണ്ട് തുറക്കാം. പക്ഷേ, പുതിയ ചട്ടം പ്രാബല്യത്തിൽ വന്നാൽ, കുട്ടികൾക്ക് സ്വന്തം പേരിൽ അക്കൗണ്ട് സൃഷ്ടിക്കാൻ കഴിയാതാകും. രക്ഷിതാക്കളുടെ അനുമതി പരിശോധിച്ച് സ്ഥിരീകരിക്കാൻ കഴിയുന്ന രീതിയിലുള്ള പ്രക്രിയയുണ്ടാകും. കുട്ടികളുടെ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്യുന്നത് തടയലാണ് പ്രധാന ഉദ്ദേശ്യം. രക്ഷിതാക്കളുടെ അനുമതി ലഭിച്ചാലും, ഈ വിവരങ്ങൾ കുട്ടികൾക്ക് ദോഷകരമാകുന്ന രീതിയിൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് വ്യവസ്ഥ.
സമൂഹമാധ്യമ അക്കൗണ്ടുകൾ 3 വർഷത്തോളം ഉപയോഗിക്കാത്ത പക്ഷം, പ്ലാറ്റ്ഫോമുകൾ ഉപയോഗക്കാരുടെ നിശ്ചിത വിവരങ്ങൾ നീക്കണം. ഈ കാലാവധിക്ക് 48 മണിക്കൂർ മുൻപായി ഉപയോക്താക്കളെ അറിയിക്കണം. ഇ-കൊമേഴ്സ്, ഗെയിമിംഗ് പ്ലാറ്റ്ഫോമുകൾക്കും ഇതു ബാധകമാണ്. വിവര ചോർച്ചയുണ്ടായാൽ, പ്ലാറ്റ്ഫോമുകൾ അതിന്റെ സ്വഭാവം, പ്രത്യാഘാതം, പരിഹാര നടപടികൾ തുടങ്ങിയവ വ്യക്തികൾക്ക് വ്യക്തമാക്കേണ്ടതുണ്ട്.