ഛത്തീസ്ഗഡ്: ബീജാപൂരിലെ മാധ്യമ പ്രവർത്തകന്റെ കൊലപാതകത്തിൽ മുഖ്യപ്രതി സുരേഷ് ചന്ദ്രക്കർ പിടിയിൽ. മാധ്യമപ്രവർത്തകനും യൂട്യൂബറുമായ മുകേഷ് ചന്ദ്രക്കറിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് അറസ്റ്റിലായത്. ഒളിവിലായിരുന്ന ഇയാളെ ഹൈദരാബാദിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
ജനുവരി ഒന്നിനാണ് ബസ്തർ ആസ്ഥാനമായുള്ള ഫ്രീലാൻസ് ജേർണലിസ്റ്റായ മുകേഷിനെ കാണാതായത്. തുടർന്ന് പ്രാദേശിക കരാറുകാരന്റെ വസ്തുവിലെ സെപ്റ്റിക് ടാങ്കിൽ നിന്ന് മുകേഷിന്റെ മൃതദേഹം കണ്ടെത്തി. മൊബൈൽ നമ്പർ ട്രാക്ക് ചെയ്തെത്തിയ പൊലീസാണ് കോൺട്രാക്ടർ സുരേഷ് ചന്ദ്രക്കറിന്റെ ഉടമസ്ഥതയിലുള്ള വസ്തുവിൽ പുതുതായി നിർമിച്ച സെപ്റ്റിക് ടാങ്കിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. ജില്ലയിലെ റോഡ് നിർമാണ പ്രവർത്തനങ്ങളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള മുകേഷിന്റെ സമീപകാല റിപ്പോർട്ടുമായി കൊലപാതകത്തിന് ബന്ധമുണ്ടെന്ന് പോലീസ് സംശയിക്കുന്നു.