പി വി അൻവർ എംഎൽഎ അങ്ങനെ ജയിലിൽ ആയിരിക്കുകയാണ്. മറുനാടൻ മലയാളിയുടെ ഉടമ സാജൻ സ്കറിയായെ ഒരു മണിക്കൂറെങ്കിലും അകത്താക്കാൻ നടന്ന പുള്ളിയാണ് ഇപ്പോൾ 14 ദിവസത്തേക്ക് റിമാൻഡിൽ ആയത്. ജയിലിലേക്ക് പോകുംവഴിയും പിണറായി വിജയനെ രണ്ടു പറഞ്ഞിട്ട് തന്നെയാണ് അദ്ദേഹത്തിന്റെ പോക്ക്. ജയിലിൽ നിന്ന് തിരിച്ചിറങ്ങി വന്നാൽ അന്ന് പിണറായി വിജയന്റെ അവസാനമായിരിക്കുമെന്ന വെല്ലുവിളിയും ഉയർത്തിയിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ അൻവറിന്റെ രാഷ്ട്രീയ ജീവിതത്തിലെ പുതിയ വഴിത്തിരിവാകും കഴിഞ്ഞ ദിവസത്തെ അറസ്റ്റ്.
രാഹുൽ മാങ്കൂട്ടത്തിൽ എന്ന യുവജന നേതാവിനെ എംഎൽഎ വരെ ആക്കിയത് കാലങ്ങൾക്കു മുമ്പ് ഒരു ദിവസം പുലർച്ചെ പോലീസ് നടത്തിയ ഒരു അറസ്റ്റ് ആയിരുന്നു. കൊലപാതകികളെ പിടിക്കുന്നതുപോലെ വീടുവളഞ്ഞ് അന്ന് പോലീസ് നടത്തിയ ഷോ തന്നെയാണ് രാഹുലിനെ നേതാവും പിന്നീട് എംഎൽഎയും ആക്കി മാറ്റിയത്. അതേപോലെ അൻവറിന് കേരള രാഷ്ട്രീയത്തിൽ ഒന്നും കൂടെ ഒരിടം ഒരുക്കിയിരിക്കുകയാണ് പോലീസെന്ന് പറയാതിരിക്കാൻ കഴിയില്ല. നിലമ്പൂരിലേത് അടക്കം ജനങ്ങൾക്കിടയിൽ തങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരാളാണ് അൻവർ എന്ന വികാരം നന്നായിട്ടുണ്ട്. മലയോര മേഖലയിലെ ജനങ്ങളുടെ ജീവൽ പ്രശ്നമായ വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് എന്നത് രാഷ്ട്രീയമായി നേട്ടമാകും. ദീർഘകാലം എഐസിസി അംഗമായിരുന്ന പി.വി.ഷൗക്കത്തലിയുടെ മകന്റെ രാഷ്ട്രീയ പ്രവേശം സ്വാഭാവികമായും കോൺഗ്രസിലൂടെയായിരുന്നു.
കൊലപാതകമുൾപ്പെടെയുള്ള കേസുകളിൽ അന്നുതന്നെ ആരോപണവിധേയനായി. കോൺഗ്രസിൽ നാലാം ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്ന അൻവർ 2011ലാണ് ഇടതുപക്ഷവുമായി അടുക്കുന്നത്. അന്ന് ഏറനാട് മണ്ഡലത്തിൽ ഇടതു സ്വതന്ത്രനാകാനുള്ള നീക്കം സിപിഐയുടെ എതിർപ്പിൽ തട്ടി പൊലിഞ്ഞു. ഔദ്യോഗിക സ്ഥാനാർഥിയെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളിയ സ്വതന്ത്രനായി കരുത്തുകാട്ടി. നിലമ്പൂരിൽ ആര്യാടൻ മുഹമ്മദിന്റെ കുത്തക തകർത്ത് 2016ൽ നിയമസഭയിലേക്കു ജയിച്ചതോടെ അൻവർ സിപിഎമ്മുകാരുടെ ആശയും ആവേശവുമായി മാറുകയായിരുന്നു. മലബാറിലെ സിപിഎമ്മിന്റെ ന്യൂനപക്ഷ മുഖങ്ങളിൽ പ്രധാനിയായി അൻവർ വളരുന്ന കാഴ്ചയാണ് പിന്നീട് എല്ലാവരും കണ്ടത്.
സർക്കാരിനെതിരെ ഉയർന്നുവന്ന എല്ലാ ആരോപണങ്ങളെയും മുന്നിൽനിന്ന് പ്രതിരോധിച്ചതും ശക്തമായി എതിർത്തതും അൻവർ ആയിരുന്നു. സാമൂഹ്യമാധ്യമങ്ങളിലും അൻവറിന്റെ വിമർശനത്തിന്റെ ചൂട് അറിയാത്ത പ്രതിപക്ഷ നേതാക്കൾ കുറവാണ്. സാക്ഷാൽ രാഹുൽ ഗാന്ധിയെ പോലും ശക്തമായി അൻവർ വിമർശിച്ചിട്ടുണ്ട്. പോലീസിനെതിരായ കലാപമാണ് അൻവറിനെ ഇപ്പോൾ ഇടതുപാളയത്തിൽ നിന്നും വഴി മാറ്റിയത്. രാഷ്ട്രീയ ഭാവി ചോദ്യചിഹ്നമായിരിക്കെയാണു വനം ഭേദഗതി ബില്ലിനെതിരെ പ്രതിഷേധയാത്രയുമായി രംഗത്തെത്തിയത്. യുഡിഎഫ് നേതാക്കളെ ക്ഷണിച്ചെങ്കിലും അവർ പങ്കെടുക്കില്ലെന്നറിയിച്ചതോടെ രാഷ്ട്രീയ പ്രാധാന്യം കുറഞ്ഞു. വലിയ ഒച്ചപ്പാടുകളില്ലാതെ യാത്ര ഇന്നലെ സമാപിക്കാനിരിക്കെയാണ് ആദിവാസി യുവാവ് കൊല്ലപ്പെട്ടതും പ്രതിഷേധവും അറസ്റ്റും. ഇതോടെ അൻവർ വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ ഭാഗമാവുകയായിരുന്നു.
കാട്ടാന ആക്രമണത്തിൽ ചോലനായ്ക്കർ വിഭാഗത്തിൽപ്പെട്ട യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് നിലമ്പൂർ നോർത്ത് ഡിവിഷൻ ഫോറസ്റ്റ് ഓഫിസിൽ സമരം നടത്തിയ കേസിലാണ് പി.വി അൻവർ അറസ്റ്റിലാകുന്നതും പിന്നീട് റിമാൻഡിലാകുന്നതും. ഇന്നലത്തെ അറസ്റ്റ് നാടകവും ജയിൽവാസവും എല്ലാം അൻവറിന് രാഷ്ട്രീയഭാവിയിൽ ഗുണം ആകും എന്നതിൽ സംശയം വേണ്ട. തെരഞ്ഞെടുപ്പിന് ഒന്നരവർഷക്കാലം മാത്രം ബാക്കിനിൽക്കെ കേരള രാഷ്ട്രീയത്തിൽ അൻവറിന്റെ ശക്തി വർധിപ്പിക്കുന്ന ഇടപെടൽ മുഖ്യന്റെ തന്നെ മുഖ്യ വകുപ്പാണ് നടത്തിയിരിക്കുന്നത്.സംസ്ഥാനത്ത് ഭരണകൂട ഭീകരതയാണെന്ന് ആവർത്തിച്ചു കൊണ്ടാണ് ജയിലിലേക്കുള്ള അൻവറിന്റെ പോക്ക്. താന്‍ കക്കാനും കൊല്ലാനും പോയതല്ല. ഒരു പാവപ്പെട്ട ആദിവാസി യുവാവിനെ ആന ചവിട്ടിക്കൊന്നതില്‍ പ്രതിഷേധിച്ചതാണെന്നും അന്‍വര്‍ പറയുന്നുണ്ട്. ഒന്‍പത് ദിവസത്തിനുള്ളില്‍ കാട്ടാന ആക്രമണത്തില്‍ ആറ് മരണമാണ് ഉണ്ടായത്. അതിന് ഡിഎഫ്ഒ ഓഫീസില്‍ ഒരു പ്രതിഷേധം നടത്തിയതാണ് .മുഖ്യമന്ത്രിയുടെയും ആഭ്യന്തരവകുപ്പിന്റെയും അറിവോടും നിര്‍ദേശത്തോടെയുമാണ് അറസ്റ്റ് തീരുമാനം.
പി ശശിയും അജിത് കുമാറും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പോലീസ് നീക്കം പിണറായിക്ക് അധികാരത്തിന്റെ ജ്വരം മൂത്തിരിക്കുകയാണ്. അധികാരം അഹങ്കാരമായി മാറുകയാണ്. ദാവിദ് ഇബ്രാഹിമിനെയും വീരപ്പന്റെയും ഒക്കെ ഗണത്തില്‍ തന്നെയും പെടുത്തിയിട്ടുണ്ടാകുമെന്ന് അന്‍വര്‍ പറയുന്നു. മോദിയേക്കാള്‍ വലിയ ഭീകരനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും യഥാര്‍ത്ഥ വിഷയത്തില്‍ അടിയന്തര നടപടിയില്ലെന്നും അന്‍വര്‍ രൂക്ഷമായി തുറന്നടിക്കുന്നുണ്ട്. ആഭ്യന്തരവകുപ്പിന്റെ പല ചെയ്തികളും പിണറായി വിജയനും സർക്കാരിനും എതിരായി പലർക്കും പല ഘട്ടങ്ങളിലും തോന്നാറുണ്ട്. അൻവറിന്റെ അറസ്റ്റും ചരിത്രത്തിൽ അങ്ങനെ തന്നെ അടയാളപ്പെടുത്തും. മുഖ്യമന്ത്രിയെ രണ്ടു പറയുന്നതിന് ആഭ്യന്തര വകുപ്പും പോലീസും ഒരു അവസരം അൻവറിന് നൽകി. അതിനപ്പുറം ഒരു പ്രാധാന്യവും കഴിഞ്ഞ ദിവസത്തെ അൻവറിനെതിരായ നടപടിക്ക് ഇല്ല. ഇനി ആനി രാജ പറഞ്ഞതുപോലെ കേരളത്തിന്റെ പോലീസിനെ ശരിക്കും നിയന്ത്രിക്കുന്നത് ആർഎസ്എസുകാർ തന്നെയാണോ..?