കൊച്ചി: വധു കൊച്ചിയില്‍നിന്ന്. വരന് കൊല്‍ക്കത്തയില്‍നിന്ന്. വധു ജോലിചെയ്യുന്നത് ഫ്രാന്‍സില്‍. വരൻ ഓസ്ട്രേലിയയിലും. മതാചാരപ്രകാരം വിവാഹം പഞ്ചാബിലെ സുവര്‍ണക്ഷേത്രത്തില്‍ ആറുമാസത്തിന് ശേഷം. കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത ആദ്യ സിഖ് വിവാഹത്തിന്റെ വിശേഷങ്ങളാണിതെല്ലാം.
മെല്‍ബണില്‍ ആര്‍ക്കിടെക്ട് എന്‍ജിനീയറായ മന്‍തേജ് സിങ്ങിന്റെയും ഫ്രാന്‍സില്‍ ഡിസൈനറായ ഇന്ദര്‍പ്രീത് കൗറിന്റെയും വിവാഹമാണ് എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തത്. വരന്റെ മാതാപിതാക്കളായ ദമന്‍ദീപ് സിങ്ങും മന്‍വിന്ദര്‍ കൗറും ഇന്ദര്‍പ്രീത് ബന്ധുക്കളായ പവന്‍ജീത് കൗര്‍, സുമിത കൗര്‍, സണ്ണി സേഥി, ബണ്ണി സേഥി, അന്മേല് കൗര്‍, വധുവിന്റെ കുടുംബസുഹൃത്തായ ബി.ജെ.പി. സംസ്ഥാന സമിതി അംഗം സി.ജി. രാജഗോപാല്‍ തുടങ്ങിയവര്‍ മധുരം പങ്കിട്ടു. തുടര്‍ന്ന് തേവരയിലെ സിഖ് ഗുരുദ്വാരയിലെത്തി എല്ലാവരും പ്രാര്‍ഥിച്ച് പ്രസാദവും ഭക്ഷണവും കഴിച്ചു.