പലപ്പോഴും കേരള പോലീസിന്റെ പ്രവർത്തനങ്ങൾ സിപിഎമ്മിന് ദോഷകരമായി മാറുകയും പ്രതിപക്ഷത്തിന് ഗുണമായി ഭവിക്കുകയും ചെയ്യാറുണ്ട്. സമീപകാല ചരിത്രം പരിശോധിച്ചാൽ അത്തരത്തിലുള്ള ഒട്ടേറെ ഉദാഹരണങ്ങൾ ഉണ്ട്. മാസങ്ങൾക്കു മുമ്പാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ സെക്രട്ടറിയേറ്റിയിലേക്ക് ഒരു സമരം നയിച്ചതിന്റെ പേരിൽ പുലർച്ചെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ഒരു യുവജന സംഘടനയുടെ നേതാവിനെ ഭീകരവാദികളെ പിടികൂടുന്ന രീതിയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റോടെ രാഹുൽ മാങ്കൂട്ടത്തിലിന് ഉണ്ടായ രാഷ്ട്രീയ മൈലേജ് ചെറുതൊന്നുമല്ല. കഴിഞ്ഞ പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുവാൻ അവസരം ലഭിക്കുന്നതിലേക്കും വിജയിച്ച് എംഎൽഎ ആകുന്നതിലേക്കും പോലും വഴിയൊരുക്കിയത് പുലർച്ചെയിലെ അറസ്റ്റ് ആയിരുന്നു. ഇപ്പോഴിതാ പി വി അൻവർ എംഎൽഎയേയും സ്റ്റാർ ആക്കിയിരിക്കുകയാണ് മുഖ്യന്റെ തന്നെ മുഖ്യ വകുപ്പായ ആഭ്യന്തരവകുപ്പും അവരുടെ പോലീസ് സംവിധാനവും.
ഒരു സമരം നയിച്ചതിന്റെ പേരിൽ അർദ്ധരാത്രിയിൽ വീട് വളഞ്ഞ് ആയിരുന്നു എംഎൽഎയെ കസ്റ്റഡിയിലെടുത്തത്. പോലീസ് സേനയ്ക്കും മുഖ്യനും എതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചപ്പോഴൊക്കെയും വലിയ സ്വീകാര്യത ലഭിച്ചിരുന്നെങ്കിലും എവിടെയും തൊടാത്ത രാഷ്ട്രീയ അനിശ്ചിതത്വം അൻവറിനെ വാർത്തകളിൽ നിന്നും മാറ്റിനിർത്തപ്പെട്ടിരുന്നു. എന്നാൽ അർദ്ധ രാത്രിയിലെ അറസ്റ്റോടെ അൻവർ വീണ്ടും സജീവമാവുകയായിരുന്നു. പി.വി അന്‍വറിന് യുഡിഎഫില്‍ ബര്‍ത്ത് ഉറപ്പിച്ച് നല്‍കിയത് പിണറായി പോലീസ് ആണെന്ന് തന്നെ പറയാം. അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തെ എതിര്‍ത്തിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും മുസ്ലീം ലീഗ് നേതാവ് പി. കെ കുഞ്ഞാലിക്കുട്ടിക്കും പി.വി അന്‍വറിനെ ശക്തമായി പിന്തുണച്ച് വരാനുള്ള സാഹചര്യമുണ്ടാക്കിയത് അപ്രതീക്ഷിതമായി നടന്ന പാതിരാ അറസ്റ്റാണ്.
ജനകീയ വിഷയം മുന്‍ നിര്‍ത്തി ഡി.എഫ്.ഒ ഓഫീസ് മാര്‍ച്ച് നടത്തിയ അന്‍വറിനെ അറസ്റ്റ് ചെയ്തതാണ് യുഡിഎഫ് നേതാക്കളെ അദ്ദേഹത്തിന് അനുകൂലമാക്കി മാറ്റിയിരിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതികരിക്കാതിരുന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ അനുയായികള്‍ എതിരാകുമെന്ന തിരിച്ചറിവും പ്രതിപക്ഷ നേതാക്കളുടെ മനം മാറ്റത്തിന് പിന്നിലുണ്ട്. അന്‍വറിനെ യുഡിഎഫില്‍ ഇനിയും എടുത്തില്ലെങ്കില്‍ അദ്ദേഹം സ്വന്തം പാര്‍ട്ടിയുണ്ടാക്കി ജില്ലയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയാല്‍ അത് യുഡിഎഫ് വോട്ട് ബാങ്കിലും വലിയ ചോര്‍ച്ചയ്ക്ക് സാധ്യതയുണ്ട്. ഇക്കാര്യം യുഡിഎഫ് നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുമുണ്ട്. പിണറായിക്ക് എതിരെ ഏറ്റവും ശക്തമായി പ്രതികരിക്കുന്ന നേതാവെന്ന പ്രതിച്ഛായയാണ് യുഡിഎഫ് അണികള്‍ക്കിടയില്‍ പോലും പി വി അന്‍വറിന് സ്വകാര്യത വർദ്ധിപ്പിച്ചത്. അറസ്റ്റ് നാടകം നടത്തിയെങ്കിലും 24 മണിക്കൂര്‍ പോലും അൻവറിനെ ജയിലിലടക്കാന്‍ പറ്റാതിരുന്നതും സര്‍ക്കാറിനെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.
മറ്റു കേസുകളില്‍ അന്‍വറിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ നിന്നും പുറത്തിറക്കാതിരിക്കാനുള്ള ശ്രമങ്ങളും ഫലം കണ്ടില്ല. തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്യേണ്ട കാര്യമില്ലായിരുന്നു എന്ന വികാരമാണ് മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കിടയിലും ഉള്ളത്. അന്‍വറിനെ ഹീറോയാക്കി മാറ്റിയ അറസ്റ്റായി പോയെന്ന നിലപാട് എൽഡിഎഫിന്റെ തന്നെ ഭാഗമായ സിപിഐക്കുമുണ്ട്. 18 മണിക്കൂര്‍ നീണ്ട ജയില്‍ വാസത്തിനുശേഷമാണ് പിവി അന്‍വര്‍ തിങ്കളാഴ്ച 8.25 ഓടെ ജയിലില്‍ നിന്നും പുറത്തിറങ്ങിയത്. ജയിലിന് പുറത്ത് തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്താണ് അന്‍വര്‍ ജയിലിന് പുറത്തിറങ്ങിയത് ആഘോഷിച്ചത്. ജയിലിന് പുറത്ത് പിവി അൻവറിന് വന്‍ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. പിന്തുണച്ച എല്ലാവര്ക്കും നന്ദിയുണ്ടെന്നും ഇന്ത്യയിലെ നിയമവ്യവസ്ഥിതിയില്‍ വിശ്വാസമുണ്ടെന്നുമായിരുന്നു പുറത്തിറങ്ങിയ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റും ഉള്‍പ്പെടെ പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയുണ്ടെന്നും അന്‍വര്‍ പറഞ്ഞു.
വൈകിട്ടോടെ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ഉത്തരവും ബോണ്ടും ഉള്‍പ്പെടെ ജയിലില്‍ എത്തിക്കാനുള്ള സമയവും നടപടിക്രമങ്ങളും നീണ്ടതോടെയാണ് ജയില്‍ മോചനം വൈകിയിരുന്നത്. രാത്രി 7.45 ഓടെയാണ് അന്‍വറിന്റെ മോചനത്തിനുള്ള ബോണ്ടുമായി ഡിഎംകെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ വിഎസ് മനോജ് കുമാര്‍ മലപ്പുറം തവനൂരിലെ ജയിലിലെത്തിയത്. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി തവനൂരിലെ ജയിലില്‍ നിന്നും അന്‍വര്‍ പുറത്തിറങ്ങുകയായിരുന്നു. നിലമ്പൂര്‍ ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പിവി അന്‍വറിന് ജാമ്യം അനുവദിച്ചത്. മറ്റ് പ്രതികളെ കണ്ടെത്താന്‍ അന്‍വറിനെ കസ്റ്റഡിയില്‍ വേണമെന്ന് പ്രോസിക്യൂഷന് വാദം തള്ളിയാണ് ജാമ്യം അനുവദിച്ചത്. അന്‍വര്‍ ജനപ്രതിനിധി ആണെന്നും മണ്ഡലത്തില്‍ സാന്നിദ്ധ്യം വേണമെന്നും പറഞ്ഞ കോടതി കസ്റ്റഡി ഇത് തടസപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടി. സമാനമായ കുറ്റകൃത്യം നേരത്തെ ചെയ്തിട്ടില്ലെന്ന് വിലയിരുത്തിയ കോടതി ഗൂഢാലോചന ആരോപണവും തള്ളിക്കളഞ്ഞു. ഗൂഢാലോചന ആരോപണം നിലനില്‍ക്കില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഡിഎഫ്ഒ ഓഫീസിലെ അക്രമവും നഷ്ടങ്ങളും ജാമ്യം നിഷേധിക്കാന്‍ കാരണം അല്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു. പോലീസ് വരുത്തിവെക്കുന്ന വിനകളെ കൂടി പ്രതിരോധിക്കേണ്ട ഗതികേടിലാണ് എന്തായാലും സിപിഎം ഇപ്പോഴുള്ളത്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് അൻവറിന്റെ അറസ്റ്റും തുടർ സംഭവവികാസങ്ങളും.