താൻ ചുമതലയേൽക്കുന്ന ജനുവരി 20നകം എല്ലാ ബന്ദികളെയും മോചിപ്പിക്കണമെന്ന് ഹമാസിന് അന്ത്യശാസനം നൽകി നിയുക്ത അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകളെ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാൽ താൻ വീണ്ടും ചുമതലയേൽക്കുമ്പോഴും അവർ തിരിച്ചെത്തിയില്ലെങ്കിൽ പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ സംഘർഷാവസ്ഥയിലേക്ക് നീങ്ങുമെന്ന് ട്രംപ് പറഞ്ഞു.‘സ്ഥിതിഗതികൾ സംഘർഷത്തിലേക്ക് നീങ്ങും.
അത് ഹമാസിനോ മറ്റാർക്കെങ്കിലുമോ ഗുണകരമാകില്ല. വളരെ നേരത്തെതന്നെ അവർ തിരിച്ചെത്തേണ്ടതാണ്. ഇനിയും അധികകാലം അവർ ബന്ദികളായി തുടരില്ല. ഇസ്രയേലികളടക്കം തന്റെ സഹായം അഭ്യർഥിക്കുന്നുണ്ട്. അമേരിക്കക്കാരും അക്കൂട്ടത്തിലുണ്ട്. അവരുടെ മാതാപിതാക്കൾ തന്നെ ബന്ധപ്പെടുന്നുണ്ട്. അവരുടെ ശവശരീരമെങ്കിലും തിരിച്ചുകിട്ടുമോ എന്ന് ചോദിക്കുന്നു. എനിക്ക് പറയാനുള്ളത് ഇത് മാത്രമാണ്. ചർച്ചകൾ തടസപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. എന്നാൽ താൻ ചുമതലയേൽക്കുന്നതിനു മുമ്പ് കരാർ ഉണ്ടായില്ലെങ്കിൽ സ്ഥിതിഗതികൾ വഷളാകും ട്രംപ് മുന്നറിയിപ്പ് നൽകി.