മുംബൈ: മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി ശക്തയായ സ്ത്രീ അല്ലായിരുന്നെന്ന് ബിജെപി എംപി കങ്കണ റണൗട്ട്. ‘എമര്‍ജന്‍സി’ എന്ന ചിത്രത്തിനായുള്ള പഠനങ്ങൾ നടത്തിയപ്പോൾ താൻ കരുതിയിരുന്നത് ഇന്ദിര ഗാന്ധി ശക്തയായ ഒരു സ്ത്രീ ആയിരുന്നെന്നും എന്നാൽ പിന്നീടാണ് അവര്‍ ദുര്‍ബലയാണെന്ന് മനസിലായതെന്നും കങ്കണ പറഞ്ഞു. മറ്റുള്ളവരെ നിരന്തരം ആശ്രയിക്കുന്ന വ്യക്തിയായിരുന്നെന്നും സ്വന്തം കഴിവില്‍ ആത്മവിശ്വാസം ഉണ്ടായിരുന്നില്ലെന്നും കങ്കണ പറഞ്ഞു.
മറ്റുള്ളവരെ വേദനിപ്പിക്കുകയോ വികാരങ്ങളെ വ്രണപ്പെടുത്തുകയോ ചെയ്യുക എന്ന ലക്ഷ്യത്തോടെയല്ല എമര്‍ജന്‍സി എന്ന സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നതെന്നും അതിനാല്‍ സെന്‍സറിങ് സിനിമയെ ബാധിക്കില്ലെന്നും കങ്കണ പറഞ്ഞു. കങ്കണ നിര്‍മിച്ച് സംവിധാനം ചെയ്യുന്ന ‘എമര്‍ജന്‍സി’യില്‍ ഇന്ദിര ഗാന്ധിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്. സിഖ് സമൂഹത്തെ തെറ്റായി ചിത്രീകരിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ എമര്ജന്സിക്കുനേരെ ഉയര്‍ന്നിരുന്നു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് വിവാദങ്ങള്‍ക്കൊടുവില്‍ ജനുവരി 17-നാണ് എമര്‍ജന്‍സി റിലീസ് ചെയ്യുന്നത്.