കോഴിക്കോട് : കോഴിക്കോട് റിയൽ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ ഡ്രൈവർ രജിത്ത് കുമാറിനെയും , ഭാര്യ തുഷാരയെയും കണ്ടെത്തി. ഗുരുവായൂരിൽ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഇരുവരെയും ഉടൻ കോഴിക്കോട് കോടതിയിൽ ഹാജരാക്കും.
നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിന്നും രജിത് കുമാറും ഭാര്യയും ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
മാമി തിരോധാനവുമായി ബന്ധപ്പെട്ട് രണ്ട് തവണ രജിത്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. 2023 ഓഗസ്റ്റ് 21ന് കോഴിക്കോട് അരയിടത്തുപാലം ഓഫീസിൽ നിന്ന് വീട്ടിലേക്ക് പോവാനായി ഇറങ്ങിയ മാമിയെ കാണാതെ ആവുകയായിരുന്നു. ഇതിനിടെ എത്താന്‍ വൈകുമെന്ന് ഭാര്യയുടെ ഫോണിലേക്ക് മെസേജ് അയച്ചു. പിന്നീട് യാതൊരു വിവരവുമില്ല