സ്ത്രീകൾക്ക് ജോലി ചെയ്യാൻ രാജ്യത്തെ ഏറ്റവും മികച്ച നഗരങ്ങളിൽ ഒന്നാണ് ബെംഗളൂരു. ജോലിചെയ്യുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതവും സുസ്ഥിരവുമായ നഗരമെന്ന നിലയില്‍ ചെന്നൈ രണ്ടാമതാണ്. തമിഴ്നാട്ടില്‍ നിന്നുള്ള എട്ട് നഗരങ്ങള്‍ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷയില്‍ തിരുവനന്തപുരം, മുംബൈ, ഹൈദരാബാദ് എന്നിവ ഒന്നാം സ്ഥാനത്തും ബെംഗളൂരു, കൊച്ചി, ഗുരുഗ്രാം എന്നിവ സുരക്ഷിതത്വത്തില്‍ താരതമ്യേന പിന്നിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അവതാര്‍ ഗ്രൂപ്പിന്റെ ഇന്ത്യയിലെ സ്ത്രീകള്‍ക്കായുള്ള മികച്ച നഗരങ്ങള്‍ 2024 റിപ്പോര്‍ട്ട് പ്രകാരം, ദക്ഷിണേന്ത്യ ഏറ്റവും ജെന്‍ഡര്‍ ഇന്‍ക്ലൂസീവ് ആയ മേഖലയായി ഉയര്‍ന്നു. ദക്ഷിണേന്ത്യയിലെ 16 നഗരങ്ങളാണ് ആദ്യ 25-ല്‍ ഇടംപിടിച്ചത്. 2024-ലെ സ്ത്രീകള്‍ക്കായുള്ള മികച്ച 10 നഗരങ്ങളില്‍ ബെംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, കോയമ്പത്തൂര്‍ എന്നിവ ഉള്‍പ്പെടുന്നു. അവതാര്‍ ഗ്രൂപ്പിന്റെ ഗവേഷണത്തിന്റെയും നിലവിലുള്ള സര്‍ക്കാര്‍ ഡാറ്റയുടെയും അടിസ്ഥാനത്തിലാണ് ഓരോ നഗരങ്ങളെയും റാങ്ക് ചെയ്തത്.
സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന ഇന്‍ക്ലൂഷന്‍ സ്കോറായ 20.89 നേടി കേരളം മുന്നിലും തെലങ്കാന 20.57, മഹാരാഷ്ട്ര 19.93, തമിഴ്നാട് 19.38, കര്‍ണാടക 17.50 എന്നിവ തൊട്ടുപിറകിലുമാണ്. നൈപുണ്യവും സ്ത്രീകള്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്യുന്ന നഗരങ്ങളും അടിസ്ഥാനമാക്കി, ഗുരുഗ്രാം ഒന്നാം സ്ഥാനത്തെത്തി. മുംബൈ, ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, തിരുവനന്തപുരം എന്നിവ നേരിയ തോതില്‍ പിന്നിലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കാര്യക്ഷമതയില്‍ തിരുവനന്തപുരം ഒന്നാം സ്ഥാനത്തും പൂനെ രണ്ടാം സ്ഥാനത്തുമാണ്.