ആപ്പിൾ സഹസ്ഥാപകനായ സ്റ്റീവ് ജോബ്സിന്റെ ഭാര്യ ലോറീൻ പവൽ ജോബ്സ് മഹാ കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്രാജിൽ എത്തി. ശനിയാഴ്ച രാത്രി 40 അംഗസംഘത്തോടൊപ്പമാണ് ലോറീൻ ക്യാമ്പിലെത്തിയത്. വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിലെ ദർശനത്തിനു ശേഷമാണ് മഹാകുംഭമേളയിൽ പങ്കെടുക്കാനും പുണ്യസ്നാനം ചെയ്യാനും പോയത്. ശേഷം നിരഞ്ജനി അഖാരയുടെ നിർദേശപ്രകാരം ‘കമല’ എന്ന ഹിന്ദുനാമവും അവർ സ്വീകരിച്ചു.
ക്ഷേത്രത്തിൻ്റെ ആചാരങ്ങൾ പിന്തുടർന്നാണ് ലോറീൻ എത്തിയതെന്നും അഹിന്ദുവായതിനാൽ ശിവലിംഗത്തിൽ തൊടാൻ കഴിയില്ലെന്നും അതുകൊണ്ട് ശിവലിംഗം പുറത്ത് നിന്ന് കണ്ടെന്നും കൈലാസാനന്ദ് ഗിരി പറഞ്ഞു. 61-കാരിയായ ലോറീൻ മൂന്നാഴ്ച ഉത്തർപ്രദേശിലുണ്ടാകും. കൽപവസ് പ്രകാരം പത്ത് ദിവസം ദിനചര്യകൾ പിന്തുടരുകയും ചെയ്യും. കൂടാതെ ഈ പത്ത് ദിവസവും ഗംഗയിൽ സ്നാനം ചെയ്യും.
ലളിതമായ ജീവിതശൈലി പിന്തുടരുക, തറയിൽ കിടക്കുക, തുളസി തൈ നടുക, സ്വന്തമായി പാകം ചെയ്ത ആഹാരമോ മറ്റ് തീർത്ഥാടകർ തയ്യാറാക്കിയ ഭക്ഷണമോ മാത്രം കഴിക്കുക, ആഭരണങ്ങളും ഫലവർഗങ്ങളും മധുരങ്ങളും ഒഴിവാക്കുക എന്നതും ഈ ദിവസങ്ങളുടെ പ്രത്യേകതയാണ്. മഹാമേളയായ ‘മഹാകുംഭം’ ജനുവരി 13 ന് ആരംഭിച്ച് ഫെബ്രുവരി 26 ന് പ്രയാഗ്രാജിൽ സമാപിക്കും. മഹാകുംഭമേള 12 വർഷത്തിലൊരിക്കലാണ് നടക്കുക.