കൊച്ചി: എയര്‍ കേരളയുടെ ആഭ്യന്തര വിമാന സര്‍വീസ് ജൂണില്‍ ആരംഭിക്കും. കൊച്ചിയില്‍നിന്നായിരിക്കും എയർ കേരളയുടെ ആദ്യ സര്‍വീസ്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയര്‍ കേരളയുടെ ഹബ്ബ്. ഏറ്റവും കുറഞ്ഞ നിരക്കിലായിരിക്കും എയര്‍ കേരള സര്‍വീസ് നടത്തുക.
ആദ്യഘട്ടത്തില്‍ 76 സീറ്റുകളുള്ള അഞ്ച് വിമാനങ്ങൾ പാട്ടത്തിനെടുത്താണ് സര്‍വീസിനായി ഉപയോഗിക്കുക. വിമാനങ്ങള്‍ ലഭ്യമാക്കുന്നതിന് ഐറിഷ് കമ്പനിയുമായി കരാര്‍ ഒപ്പുവെച്ചു. രണ്ട് വര്‍ഷത്തിനുള്ളില്‍ 20 വിമാനങ്ങള്‍ സ്വന്തമാക്കി അന്താരാഷ്ട്ര സര്‍വീസും കൂടി തുടങ്ങുകയാണ് എയർ കേരളയുടെ ലക്ഷ്യം.